കേളകം: അടക്കാത്തോട് ഗവ: മൃഗാശുപത്രി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിവേദനം നൽകിയത്. ദീർഘ നാളായി ഈ ഭാഗത്തേക്കുള്ള റോഡ് താറുമാറായിട്ട്. ഇതുവഴി കടന്നു പോകുന്ന ഇരു ചക്ര വാഹങ്ങൾ നിയന്ത്രണം വിട്ടു അപകടത്തിൽ പെടുകയും പലർക്കും സാരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി എടുത്ത കുഴി കൃത്യമായി മൂടാതിരിക്കുകയും പൂർവ്വ സ്ഥിതിയിലാക്കാതിരുന്നതും വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലും ചാലുകളും ഗർത്തങ്ങളും ഉണ്ടാകാൻ കാരണമായിട്ടുണ്ട്. മാത്രമല്ല പൈപ്പിടുന്നതിനായി റോഡ് നെടുകെ വെട്ടിപൊളിച്ചതുമാണ് ഈ രീതിയിൽ ഗതാഗതയോഗ്യമല്ലാതാക്കിയത്. ഈ വിവിഷയം നിരവധി തവണ ആറാം വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിലും പെടുത്തിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് എസ്.ഡി.പി.ഐ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വന്നത്. നിവേദനം സ്വീകരിച്ച പഞ്ചായത്ത് അധികൃതർ വിഷയം ഗൗരവത്തിൽ എടുക്കുകയും ഉടൻ തന്നെ പരിഹാരം കാണുമെന്നും ഉറപ്പു നൽകിയതായി എസ.ഡി.പി.ഐ അടക്കത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാൻ കാലായിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് അലിക്കുട്ടി പി.എസ്, ജോയിന്റ് സെക്രട്ടറി ഷാനവാസ് കാവുങ്കൽ, ഷമീർ കാലായിൽ എന്നിവർ സംബന്ധിച്ചു.