28 C
Iritty, IN
August 19, 2024
  • Home
  • Uncategorized
  • ‘ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേ’; ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി
Uncategorized

‘ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേ’; ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേ എന്ന് മന്ത്രി വി ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്കടിയിലൂടെയാണ് ആമയിഴഞ്ചാൻ തോട് കടന്നു പോകുന്നത്. റെയിൽവേ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. 1995-ൽ താന്‍ തിരുവനന്തപുരം മേയറായിരുന്നപ്പോൾ ശ്രമിച്ചതാണ്, അവർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പരമാവധി നഷ്ടപരിഹാരം റെയിൽവേ ജോയിയുടെ കുടുംബത്തിന് നൽകണം. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി റെയിൽവേ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശിവൻകുട്ടി ആരോപിച്ചു. നിയമസഭയിലെ പ്രസംഗങ്ങൾ ഉദ്ധരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംസാരിക്കുകയാണ്. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കുറ്റപ്പെടുത്തൽ. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി സ്വീകരിച്ചു. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങി ജോയിയെ തിരയുകയെന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു.

തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Related posts

2015ൽ കൈക്കൂലിയായി വാങ്ങിയത് 7500 രൂപ, 68ാം വയസിൽ ജയിലിലേക്ക് മുൻ സർക്കാർ ഉദ്യോഗസ്ഥൻ, തടവും പിഴയും ശിക്ഷ

Aswathi Kottiyoor

ഏറ്റവും കൂടുതൽ ട്രോഫി നേടിയ ഫുട്‌ബോൾ താരം: മെസി ഒന്നാമത്, റൊണാൾഡോ എട്ടാമത്

Aswathi Kottiyoor

‘ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി’; വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് ചീഫ് ജസ്റ്റിസ്, റിപ്പോര്‍ട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox