കോട്ടയം: കോട്ടയം ജില്ലയിലെ പുതുപ്പളളി എന്ന ഗ്രാമത്തിന്‍റെ പേരിനൊപ്പം ചേര്‍ത്തുവച്ചാണ് എല്ലാ കാലത്തും മലയാളി ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കാറുളളത്. വേര്‍പാടിന്‍റെ ഒരാണ്ടിനിപ്പുറവും ജന്‍മനാട്ടിലെ ഓരോ സാധാരണക്കാരുടെയും ഓര്‍മകളില്‍ നിറഞ്ഞു നില്‍പ്പുണ്ട് അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്. മരിച്ചിട്ടും ജീവിച്ചിരിക്കുന്നത് പോലെ തന്നെയെന്ന് നാട്ടുകാർ. ചാണ്ടിസർ മരിച്ചതായി ഞങ്ങൾക്ക് തോന്നുന്നേയില്ലെന്ന് അവരുടെ സങ്കടം നിറഞ്ഞ വാക്കുകൾ. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടിയെന്ന പ്രിയപ്പെട്ട നേതാവ് മറഞ്ഞിട്ട് ഒരാണ്ടാകും.
ആള്‍ക്കൂട്ടമൊഴിഞ്ഞ കരോട്ട് വളളക്കാലില്‍ വീടിന്‍റെ പൂമുഖത്ത് കുഞ്ഞൂഞ്ഞിന്‍റെ ഓഫിസ് മുറിയുടെ ജനാല വാതിലിന്നും തുറന്നു തന്നെ കിടപ്പുണ്ട്. എണ്ണമറ്റ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം തുറന്ന വാതിലാണത്. ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി മടങ്ങിയിട്ട് ആണ്ടൊന്നാകുന്നു. പക്ഷേ പുതുപ്പളളി കവലയില്‍ കണ്ട മനുഷ്യരുടെയെല്ലാം മനസിലിന്നും നിറഞ്ഞു നില്‍പ്പുണ്ട് കുഞ്ഞൂഞ്ഞോര്‍മകള്‍. ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും പ്രതിസന്ധികള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടി പരിഹാരം കണ്ട പളളി മുറ്റം.
പളളിയുടെ പടിയിലിരുന്ന് പ്രാര്‍ഥിക്കാനും മാത്രം ജീവിത ലാളിത്യം പുലര്‍ത്തിയൊരു മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മകള്‍. കാലം മുന്നോട്ടു പോകുമ്പോള്‍ പുതുപ്പളളിയിലിനിയും പുതിയ ജനപ്രതിനിധികളുണ്ടാകും. എന്നാല്‍ പുതുപ്പളളിയുടെ നിത്യപര്യായമായൊരു ജനപ്രതിനിധിയുടെ പേരുണ്ടാകുമെങ്കില്‍ അത് ഉമ്മന്‍ചാണ്ടി എന്നു മാത്രമായിരിക്കും.