സംഘടനാ ശേഷിയില്‍ കേരളത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ജില്ല. പാര്‍ട്ടിക്കൊപ്പം കൈമെയ് മറന്ന് നില്‍ക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. എന്നാല്‍ അധികാരത്തെ ഒരവസരമാക്കി മാറ്റിയ, കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കോടീശ്വരന്‍മാരായ ഒരു പറ്റം പാര്‍ട്ടിക്കാരെ കണ്ട് അമ്പരക്കുകയാണ് ജില്ലയിലെ സാധാരണ പ്രവര്‍ത്തകര്‍.
നഗരത്തിലെ ഒരു ലോക്കല്‍ കമ്മിറ്റി അംഗം കഴിഞ്ഞ കുറച്ചു കാലത്തിനിടെ നേടിയ സാമ്പത്തിക വളര്‍ച്ച പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാണ്. നേരത്തെ വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കവെ അച്ചടക്ക നടപടി നേരിട്ട ഇയാളിന്ന് ജില്ലയിലെ പ്രധാന നേതാക്കളുടെ വിശ്വസ്തനാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളടക്കം നഗരത്തിലെ പല വന്‍ സാമ്പത്തിക ഇടപാടുകളിലും ഇടനിലക്കാരന്‍റെ വേഷത്തിലെത്തുന്ന ഈ യുവ നേതാവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പാര്‍ട്ടി മുന്നില്‍ പരാതി വന്നിട്ട് ഏറെ നാളായി. പക്ഷേ നേതൃത്വം അനങ്ങിയിട്ടില്ല. ഇതേ വ്യക്തി ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറി ആകട്ടെ സഹകരണ സംഘത്തിലെ വായ്പാ ക്രമക്കേടില്‍ ആരോപണം നേരിടുന്ന വ്യക്തിയും. ഭൂമി തരം മാറ്റം മുതല്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് വാങ്ങി നല്‍കുന്നതടക്കമുളള ഇടപാടുകളിലെല്ലാം പാര്‍ട്ടി കോക്കസ് സജീവം.
വ്യക്തികള്‍ നേരിട്ട് നടത്തുന്ന ഇത്തരം അഴിമതികള്‍ക്കൊപ്പം ഭരണ സ്വാധീനത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടിക്കാരുടെ കൈകളിലെത്തിയതിന്‍റെ നിരവധി ഉദാഹരണങ്ങളും കോഴിക്കോട്ടുണ്ട്. കോഴിക്കോട് കടപ്പുറത്ത് കോര്‍പറേഷനു കീഴിലുണ്ടായിരുന്ന കെട്ടിടം പാര്‍ട്ടിക്കാരടങ്ങുന്ന സംഘം ചുളു വിലയ്ക്ക് പാട്ടത്തിനെടുത്തതിന് പിന്നാലെ തുറമുഖ വകുപ്പിന് കീഴിലെ ബംഗ്ളാവും സമാനമായ രീതിയില്‍ സ്വകാര്യ സംരംഭകരുടെ കൈകളിലെത്തിക്കാനുളള അണിയറ നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
കടപ്പുറത്തെ കെട്ടിടം പാട്ടത്തിനെടുത്ത വ്യക്തിയും ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. കോര്‍പറേഷന് കീഴിലുളള ബസ് ഷെല്‍ട്ടറുകളുടെ പരിപാലനവും പുതിയ ബസ് സറ്റാന്‍ഡ് പരിസരത്ത് കോര്‍പറേഷന്‍ നിര്‍മിച്ച എസ്കലേറ്ററിന്‍റെ നടത്തിപ്പും ഇതേ വ്യക്തിക്ക് തന്നെയായിരുന്നു കിട്ടിയത്. സര്‍ക്കാരുമായും കോര്‍പറേഷനുമായും ബന്ധപ്പെട്ട പരസ്യങ്ങളും പരിപാടികളുടെ നടത്തിപ്പ് കരാറും കിട്ടുന്നതാകട്ടെ ജില്ലയില്‍ നിന്നുളള മറ്റൊരു നേതാവിന്‍റെ പേരിലുളള കമ്പനിക്ക്. മാലിന്യ സംസ്കരണം മുതല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം വരെ, പാര്‍ക്കിംഗ് സമുച്ചയം മുതല്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത് വരെ പല വന്‍കിട പദ്ധതികളും ഇടപാടുകളും പാര്‍ട്ടി നേതാക്കളോ അവരുടെ ബിനാമികളോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷം കണക്കുകള്‍ നിരത്തി പറയുന്നു. ഈ ക്രമക്കേടുകളെല്ലാം കണ്ട ഇടത് കൗണ്‍സിലര്‍മാര്‍ പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.