പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനില്‍ വൻ തോതിൽ കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ആര്‍പിഎഫുമായി ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തത്.
മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് ട്രോളി ബാഗിൽ അടക്കം ചെയ്ത 18.7 കിലോഗ്രാം കഞ്ചാവും, ഷോൾഡർ ബാഗിൽ അടക്കം ചെയ്ത 9.425 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പരിശോധന കണ്ടു ഭയന്ന് ട്രെയിനിൽ വന്ന പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കോതമംഗലം എക്സൈസ് പിറക്കുന്നം ഭാഗത്ത് നിന്നും 1.36 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പിറക്കുന്നം സ്വദേശി ടിജോ ജോയിയാണ് എക്സൈസ് പട്രോളിംഗിൽ പിടിയിലായത്. സംശയം തോന്നി ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തൊടുപുഴയിലുള്ള ഒരാളിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ നേതൃത്വം കൊടുത്ത സംഘത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി. കെ. ബാലകൃഷ്ണൻ നായർ, പ്രിവന്റീവ് ഓഫീസർ ജിമ്മി വി. എൽ, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് സുമേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ നന്ദു എം. എം, രാഹുൽ പി.ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരുണ്ടായിരുന്നു.