ദൈവങ്ങള്‍ക്ക് എന്താകും ഭക്തര്‍ സമ്മാനിക്കുക? നാട്ടുനടപ്പ് അനുസരിച്ച് സ്വര്‍ണ്ണം, പണം എന്നിവയാണ് സാധാരണയായി ഭക്തര്‍ തങ്ങളുടെ ആരാധനാ മൂര്‍ത്തികള്‍ക്ക് സമര്‍പ്പിക്കുക. ഇന്ത്യയിലെ ചില ശിവ ക്ഷേത്രങ്ങളില്‍ (കാലഭൈരവന്‍) മദിര (മദ്യം), മാൻ (മാംസം), മീൻ (മത്സ്യം), മുദ്ര (ധാന്യം), മൈഥുൻ (ലൈംഗിക ബന്ധം) എന്നിവ ഉൾപ്പെടുന്ന പഞ്ചമക്രം എന്നറിയപ്പെടുന്ന താന്ത്രിക വഴിപാടുകൾ സ്വീകരിക്കുന്നു. അതേസമയം ക്ഷേത്രങ്ങളുടെ പവിത്രത സൂക്ഷിക്കാനായി ഭക്തർ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് തങ്ങളുടെ ചെരുപ്പുകള്‍ ഊരിയിടുന്നു. എന്നാല്‍ ചെരുപ്പുകള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്.
സംഗതി വിചിത്രമായി തോന്നുമെങ്കിലും സത്യമാണ്. ഭോപ്പാലില്‍ സിദ്ധിദാത്രി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലാണ് ‘ദേവി മാ ക്ഷേത്രം’ സ്ഥിതി ചെയ്യുന്നത്. ‘ജിജാബായ് മാതാ മന്ദിർ’ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഭക്തര്‍ ഇതിനെ ‘പഹാഡി വാലി മാതാ മന്ദിർ’ എന്ന് വിളിക്കുന്നു. സിദ്ധിദാത്രി ദേവിയെ മകളായി ആരാധിക്കുന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത. ഭക്തര്‍ മകള്‍ക്കായി പുതിയ ചെരിപ്പുകള്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഭക്തർ ദേവിക്കായി വിലകൂടിയ പുതിയ ചെരുപ്പുകള്‍ അയച്ച് നല്‍കുന്നു.
കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത്, കുന്നിൻ മുകളിലേക്ക് ഏകദേശം 125 പടികൾ കയറിയാൽ മാത്രമേ സിദ്ധിദാത്രി ദേവിയുടെ ക്ഷേത്രത്തിലെത്താന്‍ കഴിയൂ. 25 വർഷത്തിലേറെയായി ക്ഷേത്രം സ്ഥാപിച്ചിട്ട്. അന്ന് മുതല്‍ തുടരുന്ന പാരമ്പര്യമാണിത്. ‘ക്ഷേത്രം സ്ഥാപിക്കുന്നതിന് മുമ്പ് ഞാൻ ശിവന്‍റെയും പാർവതി ദേവിയുടെയും വിവാഹം നടത്തിയിരുന്നു. പാർവതി ദേവിയുടെ കന്യാദാന ചടങ്ങ് ഞാന്‍ സ്വന്തം കൈ കൊണ്ട് ചെയ്തു.’ ക്ഷേത്ര പൂജാരി ഓം പ്രകാശ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
സിദ്ധിദാത്രി ദേവിയുടെ വിഗ്രഹം ബാലാവതാരമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മകളുടെ സേവനത്തിൽ ഒരു കുറവുമില്ല. കുട്ടികൾക്ക് നൽകുന്നതെല്ലാം ഇവിടെ ദേവിക്ക് സമർപ്പിക്കുന്നു. പാദരക്ഷകൾ കൂടാതെ കണ്ണട, വാച്ചുകൾ, കുടകൾ എന്നിവയും ദേവിക്ക് സമർപ്പിക്കുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ മാതാ റാണിയുടെ 15 ലക്ഷത്തിലധികം വസ്ത്രങ്ങളും ചെരിപ്പുകളും മേക്കപ്പ് സാധനങ്ങളും ഭക്തർക്ക് വാഗ്ദാനം ചെയ്തതായും പൂജാരി പറഞ്ഞു. നവരാത്രി കാലത്താണ് ഇവിടെ ഏറ്റവും കൂടുതലായി ഭക്തര്‍ എത്തുന്നത്.