ദില്ലി: സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ ഇപ്പോഴും തകര്‍ത്തോടുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ 14മത്തെ ദിവസം കല്‍ക്കി ഇന്ത്യയിൽ 7.5 കോടിയാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. നാഗ് അശ്വന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ മൊത്തം ആഭ്യന്തര കളക്ഷന്‍ ഇതോടെ 536.75 കോടിയായി.
ചിത്രം 11-ാം ദിവസം ആഗോളതലത്തിൽ 900 കോടി കടന്നതായി നിർമ്മാതാക്കളായ വൈജയന്തി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോള്‍ 2023-ൽ ലോകമെമ്പാടുമായി 915 കോടി നേടിയ രൺബീർ കപൂറിന്‍റെ അനിമലിന്‍റെ ആജീവനാന്ത കളക്ഷനും കല്‍ക്കി മറികടന്നിരിക്കുകയാണ്.
2017-ൽ ലോകമെമ്പാടുമായി 1788 കോടി നേടിയ എസ്എസ് രാജമൗലിയുടെ ബാഹുബലി 2-ന് ശേഷം പ്രഭാസിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി കൽക്കി 2898 എഡി മാറിയിരിക്കുകയാണ്. കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചന്‍റെയും കമല്‍ഹാസന്‍റെയും കരിയറിലെ തന്നെ അവര്‍ ഭാഗമായ ഏറ്റവും പണം വാരിയ ചിത്രമായിരിക്കുകയാണ് കല്‍ക്കി 2898 എഡി. ആദ്യമായാണ് ഇരുവരും അഭിനയിച്ച ഒരു ചിത്രം 900 കോടി കളക്ഷന്‍ കടക്കുന്നത്.