മലപ്പുറം: നൂറിലേറെ കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി പൊലീസ്. മണവാളൻ ഷാജഹാൻ എന്ന് വിളിക്കുന്ന താനാളൂർ ഒഴൂർ കുട്ടിയമാക്കനകത്ത് ഷാജഹാനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് കൊടിഞ്ഞി കുറുലിൽ ഒ.പി സൈതാലിയുടെ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീടിനു പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നാണ് ഷാജഹാൻ മോഷണം നടത്തിയത്. മുറിയിൽ ഉറങ്ങിക്കിടന്ന സൈതാലിയുടെ മകൾ ഫൗസിയയുടെ രണ്ടര പവന്റെ പാദസരമാണ് ഇയാൾ മോഷ്ടിച്ചത്.
എന്നാൽ ഫൗസിയ ഉണർന്ന് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഷാജഹാനെ കൊടിഞ്ഞിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പകൽ ബുള്ളറ്റിലെത്തി വീട് കണ്ടുവയ്ക്കും, രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിലൂടെ ഇയാൾ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലും കർണാക, തമിഴ്നാട് സം സ്ഥാനങ്ങളിലും ഷാജഹാനെതിരെ കേസുണ്ട്.
2022ൽ കൽപ്പകഞ്ചേരി ചെറുവന്നൂർ പാറമ്മലങ്ങാടിയിലെ മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പിടിയിലായിരുന്നു. ജനുവരിയിൽ ജയിലിൽനിന്ന് ഇറങ്ങി മലപ്പുറം, മഞ്ചേരി, വേങ്ങര, പട്ടാമ്പി എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. താനൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ ഒ വി വിനോദ്, സാം ജോർജ്, കെ. പ്രമോദ്, വി രാജു, കെ. സലേഷ്, അനീഷ്, കെ.ബി പ്രബീഷ്, എം ബിജോയ്, എം.എം അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.