തിരുവനന്തപുരം: കെ സുധാകരൻ്റെ വീട്ടിൽ നിന്നും ‘കൂടോത്രം’ കണ്ടെത്തിയ പശ്ചാത്തലത്തിൽ ചർച്ചയായി വിഎം സുധീരൻ്റെ വീട്ടിലെ ‘കൂടോത്രം’. ഒരു കെപിസിസി അധ്യക്ഷന്‍റെ വീട്ടില്‍നിന്ന് ഇതാദ്യമായല്ല കൂടോത്രപ്പണി കണ്ടെത്തുന്നത്. തുടര്‍ച്ചയായി ഒമ്പത് കൂടോത്രത്തെ അതിജീവിച്ചൊരു അധ്യക്ഷനും കോണ്‍ഗ്രസിലുണ്ട്. മണ്‍കലം മുതല്‍ ബോണ്‍വിറ്റ കുപ്പിയില്‍ വരെയാണ് ശത്രുക്കള്‍ മുൻ കെപിസിസി അധ്യക്ഷനായിരുന്ന സുധീരന്റെ വീട്ടിൽ കൂടോത്രം ഒളിപ്പിച്ചത്.
ചിലപ്പോള്‍ വാഴച്ചുവട്ടില്‍, ചിലപ്പോള്‍ നടുമുറ്റത്ത്, ഒരിക്കല്‍ പപ്പായ തണ്ടിനുള്ളില്‍- ഇങ്ങനെയൊക്കെയായിരുന്നു നിരവധി വസ്തുക്കൾ കിട്ടിയത്. എന്തൊക്കെ പരീക്ഷണങ്ങളെയാണ് വിശ്വാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍ സുധീരനും കുടുംബവും തടികേടാകാതെ മറികടന്നത്. ഒമ്പത് തവണയാണ് പലരൂപത്തില്‍ കൂടോത്രപ്പണി കണ്ടെത്തിയത്. ചെമ്പ് തകിടുകള്‍, ചെറുശൂലങ്ങള്‍, വെളളാരം കല്ലുകള്‍ എന്നിങ്ങനെ ദോഷപ്പണിക്കായി അടക്കം ചെയ്തത് ഒട്ടേറെ സാധനങ്ങള്‍. 2018 മെയ്മാസമാണ് ലിഖിതമുള്ള ചെമ്പ് തകിട് ഉള്‍പ്പടെ ഒഴിഞ്ഞ ബോണ്‍വിറ്റ കുപ്പിക്കുള്ളില്‍ അവസാനമായി കണ്ടത്.
സുധീരന് പിന്നാലെ സുധാകരന്‍റെ വീട്ടിലും കൂടോത്രം കണ്ടതോടെ കെപിസിസി കസേര കൊതിക്കുന്ന ആരെങ്കിലുമാണോ പിന്നിലെന്ന് പാര്‍ട്ടിയില്‍ ഒരു സംസാരമുണ്ട്. അപ്രതീക്ഷിതമായി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട നേതാക്കളും കാത്തിരുന്നിട്ടും നല്ല പദവികള്‍ കിട്ടാത്ത നേതാക്കളും കോണ്‍ഗ്രസില്‍ അല്‍പം ആശങ്കയിലാണ്. വീട്ടുവളപ്പിലെവിടെയെങ്കിലും കൂടോത്രം വച്ചിട്ടുണ്ടോ എന്ന് സംശയിക്കാവുന്ന അവസ്ഥ. അപ്പോഴും കൂടോത്ര വിശാസികള്‍ ഭീരുക്കളാണെന്ന് ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കുന്ന ചെറിയാന്‍ ഫിലിപ്പുമാരും കോണ്‍ഗ്രസിലുണ്ട്.