24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അതിർത്തി കടന്ന് ആനയെത്തുന്നു; വനപാലകരും പഞ്ചായത്തും കൈയൊഴിഞ്ഞപ്പോൾ നാട്ടുകാരൊന്നിച്ച് കിടങ്ങ് തീർത്തു
Uncategorized

അതിർത്തി കടന്ന് ആനയെത്തുന്നു; വനപാലകരും പഞ്ചായത്തും കൈയൊഴിഞ്ഞപ്പോൾ നാട്ടുകാരൊന്നിച്ച് കിടങ്ങ് തീർത്തു


ഇടുക്കി: പഞ്ചായത്തിനോടും വനപാലകരോടും പറഞ്ഞു മടുത്തപ്പോൾ നാട്ടുകാർ ഒന്നിച്ച് ആനശല്യത്തിനെതിരെ കിടങ്ങ് തീർത്തു. വനമേഖലയോടു ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള ആനകളുടെ കടന്നു വരവിനും നാശം വിതയ്ക്കുന്നതിനും അറുതി വരുത്തുന്നതിനാണ് അതിർത്തിയിലെ താമസക്കാരായ നാട്ടുകാർ ഒന്നിച്ച് ജനകീയ കിടങ്ങ് നിർമ്മാണം നടത്തുന്നത്. നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ കാഞ്ചിയാറിൽ നിന്നും 3 കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് മാറിയുള്ള വനാതിർത്തിയിലുള്ള ജനവാസ മേഖലയിലാണ് കിടങ്ങു നിർമാണം നടത്തുന്നത്.

കാഞ്ചിയാർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ വനമേഖലയോടു ചേർന്നു കിടക്കുന്ന പുതിയ പാലം, കാവടി കവല തുടങ്ങിയ ഇടങ്ങളിലാണ് കിടങ്ങ് നിർമ്മിച്ച് ആനകളെ പ്രതിരോധിക്കുവാനൊരുങ്ങുന്നത്. കാവടി കവല ഭാഗത്ത് 400 മീറ്റർ നീളത്തിലും പുതിയ പാലം ഭാഗത്ത് 1400 മീറ്റർ നീളത്തിലുമാണ് കിടങ്ങു നിർമ്മാണം നടക്കുന്നത് കിടങ്ങിന്‍റെ ആഴം 12 മീറ്ററാണ്. ഹിറ്റാച്ചി ഉപയോഗിച്ചു നടത്തുന്ന നിർമ്മാണ പ്രവൃത്തിക്കാവശ്യമായ മുഴുവൻ തുകയും വഹിക്കുന്നത് അതിർത്തിയിലെ താമസക്കാരായ കർഷകർ തന്നെയാണ്.

400 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ആനയുടെ ശല്യം ഏറ്റവും അധികം ബാധിക്കുന്നത് 150 ഓളം കുടുംബങ്ങളെയാണ്. 43 വർഷം മുമ്പ് ആനശല്യം രൂക്ഷമായിരുന്ന കാലത്ത് മനുഷ്യാധ്വാനത്തിലൂടെ ഇവിടെ കിടങ്ങ് നിർമ്മിച്ചിരുന്നു. ജോലിക്കുകൂലി ഭക്ഷണം എന്ന അടിസ്ഥാനത്തിലായിരുന്നു അന്നത്തെ കിടങ്ങു നിർമ്മാണം. അന്ന് ജോലി ചെയ്തിരുന്നവർക്ക് മൈദ, ഡാൽഡ തുടങ്ങി സാധനങ്ങൾ സൗജന്യമായി എത്തിച്ചു നൽകി ഉടുമ്പൻചോല പള്ളി കമ്മിറ്റിയും കിടങ്ങു നിർമ്മാണത്തിൽ പങ്കാളികളായി. കാലപ്പഴക്കത്താൽ അന്നുണ്ടായിരുന്ന കിടങ്ങ്, കാട് മൂടിയും മണ്ണ് നികന്നും മൂടി പോവുകയായിരുന്നു. അന്ന് കിടങ്ങ് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തേയും കിടങ്ങു നിർമ്മാണം നടക്കുന്നത്.

Related posts

നിപ: ഒമ്പതുവയസുകാരനടക്കം രണ്ടുപേർ രോഗമുക്തരായി

Aswathi Kottiyoor

*വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് – കെ.സി.വൈ.എം*

Aswathi Kottiyoor

സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; 2 വിദ്യാർത്ഥികൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox