കൊല്ലം: വീട് പരിശോധനയ്ക്കെത്തിയ ചാത്തന്നൂർ എക്സൈസ് പാർട്ടിയെ ആക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയിൽ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാർ എസ് സംഘത്തിനും നേരെയാണ് ജോൺ ആക്രമണം നടത്തിയത്.
പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു. ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് സംഘം വീട് പരിശോധന പൂർത്തിയാക്കി. തുടർന്ന് ചാത്തന്നൂർ പൊലീസിന് പ്രതിയെ കൈമാറി.
അക്രമത്തിൽ പരിക്കേറ്റ ഉദ്യാഗസ്ഥർ ചാത്തന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എവേഴ്സൺ ലാസർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ആരോമൽ ആർ, സിവിൽ എക്സൈസ് ഓഫീസർ സുനിൽ കുമാർ ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദിവ്യ എസ് എന്നിവർ ഉണ്ടായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ജോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.