27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • 15 ഭാഷകളിൽ പ്രാവീണ്യം; തട്ടിപ്പിന്റെ ബോസ്‌
Uncategorized

15 ഭാഷകളിൽ പ്രാവീണ്യം; തട്ടിപ്പിന്റെ ബോസ്‌

ആലപ്പുഴ:ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജർമൻ, പഞ്ചാബി എന്നിവ ഉൾപ്പെടെ 15 ഭാഷകളിൽ നിപുണനായ മധുസൂദനൻ അങ്കമാലി കേന്ദ്രീകരിച്ച് ഒഇടി ക്ലാസുകൾ എടുക്കുന്നതിനിടെയാണ്‌ തട്ടിപ്പിലേക്ക്‌ തിരിയുന്നത്‌. 2023ലാണ് തുടക്കം. ആസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരെ ആവശ്യമുണ്ടെന്ന്‌ കാണിച്ച്‌ ആദ്യം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി. നിരവധി ഉദ്യോഗാർഥികൾ ബയോഡേറ്റ അയച്ചു.

ഇയാളുടെ കൂട്ടാളികൾ ആദ്യം ഉദ്യോഗാർഥികളെ ബന്ധപ്പെട്ടു. ആകർഷകമായ ശമ്പളവും ആസ്ട്രേലിയയിൽ സ്ഥിര വിസയുമായിരുന്നു വാഗ്ദാനം. ഇതിനിടയിൽ മധുസൂദനൻ കമ്പനി പ്രതിനിധി ചമഞ്ഞ്‌ ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തി. പിന്നീട് തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇന്റർവ്യൂ നടന്നു. ചെന്നൈയിൽനിന്ന്‌ വിമാനത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തി. ആഡംബര കാറുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തി ‘ആഷ്ടൺ മൊണ്ടീറോ എന്ന’ ആസ്ട്രേലിയൻ പൗരനെന്ന വ്യാജേനയാണ്‌ ഉദ്യോഗാർഥികളെ പരിചയപ്പെട്ടത്. ‘ബോസ്‌’ എന്നാണ്‌ അനുചരർ ഇയാളെ വിളിച്ചിരുന്നത്‌.

40 ഓളം പേർ ജോലി കിട്ടും എന്ന ഉറപ്പിൽ വിസക്കായി ഏഴ്‌ ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. തുടർന്ന്‌ സംഘം അപ്രത്യക്ഷരാകുകയായിരുന്നു. ആദ്യം കോൾ എടുക്കാതാവുകയും പിന്നീട് നമ്പറുകൾ സ്വിച്ച് ഓഫ് ആവുകയുംചെയ്തു. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ വ്യത്യസ്ത വിലാസങ്ങളിൽ മധുസൂദനൻ എന്ന പേരിലുള്ള മൂന്ന് ആധാർ കാർഡുകളും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് തായ്‌ലാൻഡ്, മലേഷ്യ, ബംഗളൂരു, മുംബൈ മുതലായ സ്ഥലങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. മലയാളിയായ ഇയാൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്‌.

Related posts

നിലമ്പൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യം പിടികൂടി

Aswathi Kottiyoor

കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ; ഉടൻ പരിഗണിക്കുമെന്ന് കോടതി

കൊച്ചിയിലെ നിരത്തുകളിൽ പാറിപ്പറന്ന് 500ന്റെ നോട്ടുകൾ; പെറുക്കിയെടുത്തവർ ഇക്കാര്യം കേൾക്കണം, ഉടമയുടെ വാക്കുകൾ

Aswathi Kottiyoor
WordPress Image Lightbox