കാസർകോട്: സിസിടിവി ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് പുതിയ മാര്‍ഗം അവലംബിച്ച് കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസ്. ബസില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ, മാല പിടിച്ച് പറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ മറ്റ് എട്ട് പിടിച്ചുപറി കേസുകള്‍ കൂടി തെളിയുകയും ചെയ്തു.
പടന്നക്കാട് ആയുര്‍വേദ ആശുപത്രിക്ക് സമീപം വച്ചാണ് കൊളവയല്‍ ഇട്ടമ്മലിലെ സരോജിനിയുടെ മാല സ്കൂട്ടറിലെത്തിയ ആൾ പിടിച്ച് പറിച്ചത്. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ മോഷ്ടാവ് ഈ 65 കാരിയുടെ മൂന്നരപ്പവന്‍റെ മാലയുമായാണ് കടന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. സ്കൂട്ടറിന്‍റെ നമ്പര്‍ വ്യാജം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാല്‍ എന്നിവർ തുനിഞ്ഞിറങ്ങി.
സിസിടിവി ദൃശ്യങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പരിശോധിച്ചു. ഒരു ഘട്ടം എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ ഇല്ലാത്ത അവസ്ഥ. ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ സിസിടിവി ക്യാമറകളില്ല. അതുകൊണ്ട് തന്നെ പ്രതി എങ്ങോട്ട് പോയെന്ന് അറിയാന്‍ പറ്റാത്ത സ്ഥിതി. ഇതോടെയാണ് ആ സമയത്തെ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.