തൃശൂര്‍: ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വയസുകാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ എട്ട് വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം.
എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ സഹായിച്ചത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഉയരമുള്ള മാവില്‍ നിന്നും വീണ് മലദ്വാരത്തില്‍ വലിയൊരു കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബര്‍ പത്താം തീയതി രാത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. കമ്പ് വലിച്ചൂരിയ നിലയില്‍ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമായാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മലാശയത്തിന് പരിക്ക് കണ്ടതിനാല്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.