ഇടുക്കി: ‘ഊര്’ എന്ന പേരുമാറ്റി പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പേരു മാറ്റിയത് കൊണ്ട് കാര്യമില്ല. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ‘ഉന്നതി’ എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവിൽമല രാജാവ് വ്യക്തമാക്കി.
ഊര് എന്നത് പരമ്പരാഗതമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ കോളനി എന്ന പദം ഒഴിവാക്കിയത് സ്വാഗതാർഹമാണെന്നും കോവിൽമല രാജാവ് പറഞ്ഞു. മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് കെ രാധാകൃഷ്ണനാണ് കോളനി, ഊര്, സങ്കേതം എന്നീ പ്രയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റത്തിന് നിർദേശം നൽകിയത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകൾ ഇടാമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുന്നത് പല സ്ഥലത്തും തർക്കങ്ങൾക്ക് കാരണമാവുന്നതിനാൽ, വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കണം. എന്നാൽ നിലവിൽ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ആ പേരുകൾ തുടരാമെന്നും ഉത്തരവിൽ പറയുന്നു.