കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ വ്യക്തമാക്കി. . ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ളിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവും വെളളാപ്പളളി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്‍റെ എഡിറ്റോറിയലില്‍ ആവര്‍ത്തിച്ചു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തില്‍ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു.
ലോക്സഭ തിരഞ്ഞടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികള്‍ക്കെതിരെ തിരിഞ്ഞ വെള്ളാപ്പളളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിന്‍റെ മുഖപ്രസംഗത്തില്‍. ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ളിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്ത കാര്യം താന്‍ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തില്‍ വെളളാപ്പളളി പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമില്ലെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.