ഇതിനിടെ തിരുവനന്തപുരത്തിന് പിന്നാലെ കെ മുരളീധരനായി പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ വരണമെന്നാണ് ഫ്‌ലക്‌സിലെ ആവശ്യം. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലന്ന് ഫ്‌ലക്‌സില്‍ പറയുന്നു. വിക്ടോറിയ കോളേജ് പരിസരത്തും കലക്ട്രേറ്റിന് സമീപവുമാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം.
തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ജയിച്ച പശ്ചാത്തലത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളാനാകില്ലെന്ന് നിയുക്ത എം പി വികെ ശ്രീകണ്ഠന്റെ പ്രതികരിച്ചിരുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കരുത്തനും ഊര്‍ജ്ജസ്വലനുമായ സ്ഥാനാര്‍ത്ഥി വന്നാല്‍ പാലക്കാട് ജയിക്കുമെന്നും മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.