നടക്കാൻ പോകുന്ന നക്ഷത്ര വിസ്ഫോടനം ഭൂമിയിൽ നിന്ന് കാണാമെന്ന് വിദഗ്ധർ. ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ദൃശ്യം ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. നഗരങ്ങളിൽ നിന്ന് പോലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്ര തിളക്കമുള്ള സംഭവമായിരിക്കുമെന്നും പറയുന്നു. നോവ കൊറോണ ബോറിയലിസ് (വടക്കൻ കിരീടം) നക്ഷത്രസമൂഹത്തിലാണ് പൊട്ടിത്തെറി നടക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രവചിക്കുന്നു.
ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കുമെന്ന് നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിലെ റെബേക്ക ഹൗൺസെൽ പറയുന്നു. ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ബൈനറി സിസ്റ്റമാണ് ടി കോറോണെ ബൊറിയലിസ് (T CrB) എന്ന നക്ഷത്രം. ചുവന്ന ഭീമനിൽ നിന്നുള്ള ഹൈഡ്രജൻ വെളുത്ത കുള്ളൻ്റെ ഉപരിതലത്തിലേക്ക് വലിച്ചെടുക്കുപ്പെടുകയും കേന്ദ്രീകൃത പിണ്ഡത്തിലേക്ക് അടിഞ്ഞുകൂടുകയും ഒടുവിൽ ഒരു തെർമോ ന്യൂക്ലിയർ സ്ഫോടനത്തിന് കാരണമാകുകയും ചെയ്യും.
അവസാനമായി T CrB പൊട്ടിത്തെറിച്ചത് 1946 ലാണ്. ആ സ്ഫോടനത്തിന് ഏകദേശം ഒരു വർഷം മുമ്പ്, നക്ഷത്രത്തിന് പെട്ടെന്ന് മങ്ങൽ അനുഭവപ്പെടുകയും ഈ അവസ്ഥയെ ജ്യോതിശാസ്ത്രജ്ഞർ ‘പ്രീ-എറപ്ഷൻ ഡിപ്പ്’ എന്ന് വിളിക്കുകയും ചെയ്തു. 2023-ലാണ് നക്ഷത്രം വീണ്ടും മങ്ങിയത്. 1946-ലെ പാറ്റേൺ ആവർത്തിക്കുകയാണെങ്കിൽ, ഇപ്പോൾ മുതൽ 2024 സെപ്തംബർ വരെ സൂപ്പൻ നോവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൊട്ടിത്തെറി ഹ്രസ്വമാകുമെങ്കിലും മനോഹര ദൃശ്യങ്ങളായിരിക്കും. സാധാരണയായി, നോവ പൊട്ടിത്തെറികൾ മങ്ങിയതും ദൂരെയുള്ളതുമായിരിക്കും. എന്നാൽ, ഇത് വളരെ അടുത്തായിരിക്കുമെന്നും നാസ ഗൊദാർഡിലെ ആസ്ട്രോപാർട്ടിക്കിൾ ഫിസിക്സ് ലബോറട്ടറിയുടെ ചീഫ് എലിസബത്ത് ഹെയ്സ് പറയുന്നു. അപൂർവ സംഭവത്തിനായി ജ്യോതിശാസ്ത്രജ്ഞരും പ്രേമികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.