ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ടശേഷമാണ് കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ നാടുചുറ്റിക്കാണാനിറങ്ങിയത്. നേരെ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശൊക്കെ തീർന്നിരുന്നു.
അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ കുട്ടികൾ കോക്കാടൻ ജെയ്സൻ എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയിൽ കയറി. സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നാണ് കുട്ടികൾ പറഞ്ഞത്. തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും ഡ്രൈവറോട് പറഞ്ഞു. അതു സാരമില്ലെന്ന് ജെയ്സൺ പറഞ്ഞെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിന് പന്തികേട് തോന്നി. കുട്ടികൾക്ക് തീരെ സ്ഥലപരിചയമില്ലെന്ന് കൂടി കണ്ടപ്പോൾ ജെയ്സണ് സംശയമായി. തുടർന്ന് കുട്ടികളുടെ സ്കൂൾ ഐഡി കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. കുട്ടികളെ കാണാതെ രക്ഷിതാക്കൾ ഇതിനുള്ളിൽ സ്കൂളിലെത്തിയിരുന്നു