മുഹമ്മ: അമ്പത് വർഷം മുൻപ് വാങ്ങിയ ഹെർക്കുലീസ് സൈക്കിളിൽ ഇന്നും യാത്ര തുടർന്ന് പൊന്നാട് കാവച്ചിറ സ്വദേശി കെ എസ് ഹരിദാസ്. അറുപത്തിയാറ് വയസാണ് കെ എസ് ഹരിദാസിന് സൈക്കിളിന് അമ്പതും. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് കൂടെ കൂട്ടിയ സൈക്കിളിനെ ഇത്ര വർഷങ്ങൾക്കിപ്പുറവും ഉപേക്ഷിക്കാൻ തയ്യാറല്ല ഹരിദാസ്.
കലവൂർ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 1320 രൂപയ്ക്ക് ഹെർക്കുലീസ് സൈക്കിൾ വാങ്ങിയത്. പഠന കാലത്ത് വിദ്യാർത്ഥി സംഘടനാ സെക്രട്ടറിയായിരുന്ന ഹരിദാസ്, പിന്നീട് താലൂക്ക് കമ്മിറ്റി അംഗമായി. അന്നുമുതൽ സംഘടനാ പ്രവർത്തനങ്ങൾക്കും വീട്ടുകാര്യങ്ങൾക്കുമെല്ലാം സൈക്കിളിലാണ് സഞ്ചാരം.
പിന്നീട് വെള്ളക്കക്കാ സഹകരണ സംഘത്തിൽ ഡിപ്പോ ഓഫീസറായി ജോലി നോക്കിയപ്പോഴും മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് അംഗമായി തുടരുമ്പോഴും സന്തത സഹചാരി സൈക്കിൾ തന്നെ. വിവാഹം കഴിഞ്ഞ് ഭാര്യ ഗിരിജയുമായി ആദ്യ വിരുന്നിന് കലവൂരിലെ വീട്ടിലെത്തിയതും സൈക്കിളിലായിരുന്നു. ചെരിപ്പ് ഉപയോഗിക്കാറില്ലാത്ത കെ എസ് ഹരിദാസ് ദിവസം ശരാശരി 15 കിലോമീറ്ററാണ് സൈക്കിളിൽ സഞ്ചരിക്കുന്നത്. അതിനാൽ തന്നെ ജീവിത ശൈലി രോഗങ്ങൾ ഒന്നും ബാധിച്ചിട്ടില്ല. മുഹമ്മ അയ്യപ്പൻ സ്മാരക വായനശാലയുടെ പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഹരികൃഷ്ണൻ, ഹരിത എന്നിവർ മക്കളാണ്.