ഹരിപ്പാട്: ആലപ്പുഴയിൽ വെളളം കയറി മുങ്ങിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശി അർമാന്റെ ഉടമസ്ഥതയിലുളള സെന്റ് പീറ്റേഴ്സ് ബോട്ടിലെ 11 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ കായംകുളം പൊഴിക്ക് പടിഞ്ഞാറ് കടലിൽ മീൻപിടിക്കുന്നതിനിടെയാണ് വെള്ളം കയറി ബോട്ട് താഴ്ന്നത്.
അഴീക്കലുളള കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെ നിന്ന് റസ്ക്യൂ ബോട്ട് സ്ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. തകരാറിലായ ബോട്ടിനെയും കെട്ടി വലിച്ചു തീരത്തെത്തിച്ചു. തൊഴിലാളികൾക്കാർക്കും കാര്യമായ പരിക്കില്ല. തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സിബിയുടെ നിർദേശ പ്രകാരം എസ് ഐ ഹരിലാൽ, സീനിയർ സിപിഒ സുമേഷ്, സിപിഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ഔസേപ്പച്ചൻ, സ്രാങ്ക് രഞ്ചൻ, ഡ്രൈവർ സജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.