കണ്ണൂർ: തലശ്ശേരി മാഹി ബൈപ്പാസിലെ പളളൂർ സിഗ്നലിൽ വീണ്ടും അപകടങ്ങൾ. രാവിലെ കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മണിക്കൂറിനുളളിൽ മറ്റൊരു കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മാഹി ഭാഗത്ത് നിന്നെത്തിയ കാറിടിച്ച് സ്കൂട്ടർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. അശാസ്ത്രീയ സിഗ്നലാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഉച്ചയ്ക്ക് മുമ്പായി രണ്ട് അപകടങ്ങളാണ് പളളൂർ സിഗ്നലിൽ ഇന്ന് നടന്നത്. രാവിലെ ആറ് മണിക്കാണ് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ പളളൂർ സ്വദേശി മുത്തു അപകടത്തിൽ മരിച്ചു. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടം സംഭവിച്ച് രണ്ട് മണിക്കൂറിനകം മറ്റൊരു അപകടം നടക്കുന്നത്.
രണ്ട് ദിവസം മുമ്പ് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരാൾ മരിച്ചിരുന്നു. അതിവേഗം വാഹനങ്ങൾ ചീറിപ്പായുന്ന ബൈപ്പാസിലാണ് പെട്ടെന്നൊരു സിഗ്നൽ ആണ് ഡ്രൈവർമാരിൽ ആശങ്കയുണ്ടാക്കുന്നതെന്നാണ് വാദം. അശാസ്ത്രീയ സിഗ്നൽ അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. ടോൾ പിരിവിനുളള ആവേശം സർവീസ് റോഡൊരുക്കാനോ തെരുവുവിളക്കുകൾ സ്ഥാപിക്കാനോ ഉണ്ടായില്ലെന്നും സിഗ്നലിലെ കൈവിട്ട ഡ്രൈവിങ്ങും ദുരന്തം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.