കൊല്‍ക്കത്ത: വിടവാങ്ങൽ മത്സരത്തിന് മുമ്പ് താനാകെ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. അടുത്ത മാസം ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തോടെയാണ് സുനില്‍ ഛേത്രി വിരമിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഈ സമയത്ത് ഏത് വഴിയാണ് സ്വീകരിക്കേണ്ടത്. ടീമിനൊപ്പമുള്ള ഓരോ ദിവസവും ഓരോ പരിശീലന സെഷനും എനിക്ക് പ്രധാനപ്പെട്ടതാണ്. ഇതെങ്ങനെയാകും അവസാനിക്കുക എന്ന ചിന്തിക്കാതെ വെറുതെ ഒഴുക്കിനൊപ്പം പോകണോ എന്നാണിപ്പോഴത്തെ ചിന്ത. നിങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കു എന്നാണ് ചിലര്‍ പറയുന്നത്. ഓരോ ദിവസവും ഗ്രൗണ്ടിലിറങ്ങാന്‍ കഴിയുന്നു എന്നതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.അതൊരിക്കലും ഞാന്‍ വെറുതെയാണെന്ന് കരുതാറില്ല. അതുകൊണ്ട് ഇനിയുള്ള എന്‍റെ ഓരോ ദിവസവും ഞാന്‍ കൃതജ്ഞതയോടെ ഓര്‍ത്തുവെക്കും. ഈ വികാരങ്ങളെയെല്ലാം ഒരു പെട്ടിയലടച്ച് കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഛേത്രിയുടെ കുറിപ്പ്.