ഡോഗ്‌കോയിന്‍റെയും (DOGE) മറ്റ് നിരവധി മെമ്മെ ടോക്കണുകളുടെയും പിന്നിലുള്ള ജനപ്രിയ നായ ‘കബോസു’ (Kabosu) അന്തരിച്ചു. നായയുടെ ഉടമ അറ്റ്‌സുകോ സാറ്റോ ആണ് മെയ് 24 ന് നായ കബോസു മരണമടഞ്ഞ വിവരം തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്. കരൾ രോഗവും ലുക്കീമിയയും ബാധിച്ചതിനെ തുടർന്നാണ് നായയുടെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് 26 ന് ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ നരിറ്റ സിറ്റിയിലെ കോട്സു നോ മോറിയിലെ ഫ്ലവർ കയോറിയിൽ കബോസുവിന്‍റെ വിടവാങ്ങൽ ചടങ്ങുകൾ നടത്തുമെന്ന് ഉടമ അറ്റ്‌സുകോ സാറ്റോ അറിയിച്ചു. ‘ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ, തന്‍റെ നായ ആയിരുന്നിരിക്കുമെന്ന് എന്ന് തനിക്ക് ഉറപ്പുണ്ടെന്ന്’ അറ്റ്‌സുകോ അവകാശപ്പെട്ടു. നാളിതുവരെയും എല്ലാവരും കബോസുവിന് നൽകിയ സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
2010-ൽ ആണ് കബോസു ഇൻറർനെറ്റിൽ താരമായി മാറിയത്. കൈകാലുകൾ മടക്കിവെച്ച് ചെറു ചിരിയോടെ ഇരിക്കുന്ന കബോസുവിന്‍റെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് ‘കബോസു’ നായ സ്നേഹികളുടെ താരമായി മാറിയത്. വളരെ പെട്ടെന്ന് തന്നെ ലോകം മുഴുവൻ ആരാധകരുള്ള നായയായി കബോസു മാറി. 2013 ലെ കബോസുവിന്‍റെ ആ വൈറല്‍ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡോഗ് കോയിൻ ഉടലെടുത്തു. തമാശയ്ക്കായി തയ്യാറാക്കിയ ഒരു കറൻസി ആയിരുന്നു അതെങ്കിലും പിന്നീട് കഥ മാറി.