കൊല്ലം പുനലൂർ വിളക്കുവട്ടം കല്ലാറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചു പേർ അറസ്റ്റിൽ. രണ്ടരക്കിലോ കഞ്ചാവും പിടികൂടി. പട്ടികളെ കാവൽ നിർത്തി വീട്ടിൽ തമ്പടിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പുനലൂർ വിളക്കുവട്ടം കല്ലാർ പന്ത്രണ്ടേക്കറിലാണ് തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ നിന്ന് കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിലായത്. പന്ത്രണ്ടേക്കർ സ്വദേശി സുജീഷ്, അയിലറ സ്വദേശി സൂരജ്, വിളക്കുവട്ടം സ്വദേശി നിധീഷ്, മൈലക്കൽ സ്വദേശി ഇന്ദ്രജിത്ത് ,ഇളമ്പൽ സ്വദേശി അരുൺജിത് എന്നിവരാണ് അറസ്റ്റിലായത്. വീടിന് മുകളിലും താഴെയുമായി രണ്ട് പട്ടികളെ കാവൽ നിർത്തിയായിരുന്നു കഞ്ചാവ് വിൽപ്പന.വീട് വളഞ്ഞ പൊലീസ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടി.
ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് പൊതികളാക്കി വിൽക്കുന്ന സംഘമാണ് പിടിയിലായത്. പ്രതികളിലൊരാളുടെ അമ്മൂമ്മയുടെ പേരിലുള്ളതാണ് വീട്. ഇവർ ലോട്ടറി കച്ചവടത്തിനായി പോകുന്ന സമയത്താണ് യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതും വിൽക്കുന്നതും.