23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പെരിയാർ മത്സ്യക്കുരുതി; ‘ചത്ത മത്സ്യങ്ങൾ പുഴയിൽ നിന്ന് നീക്കും, നാശനഷ്ടം നൽകും’
Uncategorized

പെരിയാർ മത്സ്യക്കുരുതി; ‘ചത്ത മത്സ്യങ്ങൾ പുഴയിൽ നിന്ന് നീക്കും, നാശനഷ്ടം നൽകും’

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ നാശനഷ്ടം കണക്കാക്കി പരിഹാരം നല്‍കാന്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ചർച്ച നടന്നത്. നാശനഷ്ടം എത്രയെന്നു കണക്കാക്കി അത് നൽകും. ഉൾനാടൻ മത്സ്യത്തൊഴിലാകളികൾ, മീൻ കർഷകർ എന്നിവർക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷൻ നൽകണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. ചത്ത മത്സ്യങ്ങൾ പുഴയിൽ നിന്ന് ഒഴിവാക്കും, ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കും, കമ്പനിക്കെതിരെ അടിയന്തിര നടപടി, ഇവരെ ഉടൻ കണ്ടെത്തും, മാതൃകപരാമായ ശിക്ഷാ നടപടിയെടുക്കും എന്നിവയാണ് ചർച്ചയിലെ തീരുമാനങ്ങൾ.

ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പുഴയിൽ ചത്തുപൊന്തിയ മീനെറിഞ്ഞാണ് പ്രതിഷേധം നടന്നത്. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്. കോൺഗ്രസ് പ്രവർത്തകരും നാല് പഞ്ചായത്തുകളിൽ നിന്നുള്ള ഭാഗവാഹികളും പ്രസിഡൻ്റും ഉൾപ്പടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാരുമായി ചർച്ച നടത്താനെത്തിയ മലനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയറുടെ കാർ പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു.

ഇന്നലെ രാവിലെ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മീനുകൾ ചത്തു പൊങ്ങാനുള്ള കാരണം അതാണോ എന്ന് വ്യക്തമായിട്ടില്ല. മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴി വേസ്റ്റ് പ്രോസ്സസ് ചെയ്യുന്ന കമ്പനിയാണ് അലൈൻസ് മറൈൻ. കമ്പനി അടച്ചു പൂട്ടുന്നതിനു മുന്നോടിയായി വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

ഉദ്യോ​ഗസ്ഥർ കൃത്യമായി പരിശോധന നടത്താറില്ല. ജലവിഭവ വകുപ്പ് എല്ലാവർഷവും മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിടുന്നുണ്ടെന്നും പരാതിയുണ്ട്. റെഗുലേറ്റർ കം ബ്രിഡ്ജ് തുറക്കുന്നത് ജല അതോറിറ്റി മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബണ്ട് തുറന്നതും വെള്ളം പുഴയിലേക്ക് എത്തിയതും. അതിന് പിന്നാലെയാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയത്. ഇത്തരത്തിൽ ബണ്ട് തുറന്നപ്പോൾ ജല അതോറിറ്റി മലിനീകരണ നിയന്ത്രണ ബോർഡിനോ, തദ്ദേശസ്ഥാപനങ്ങൾക്കോ യാതൊരുവിധ മുന്നറിയിപ്പും നൽകിയിട്ടില്ല. മുന്നറിയിപ്പ് നൽകണമെന്നതാണ് ചട്ടം.

ഇതുവരെയായിട്ടും ഒരു മന്ത്രിയോ എംഎൽഎയോ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആളുകളോ പുഴയോരത്ത് വന്ന് നോക്കിയിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ‘കടമക്കുടിയിൽ നിന്നുള്ളവർവരെ വളരെ വിഷമിച്ചാണ് എത്തിയിരിക്കുന്നത്. മത്സ്യം വളർത്തുന്നവരും പിടിക്കുന്നവരും വന്നിട്ടുണ്ട്. എല്ലാവർക്കും ദുരവസ്ഥയാണ്. ഇനി പുഴ ഇങ്ങനെ ആകണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. ഒരുമുന്നറിയിപ്പും നൽകാറില്ല. എടയാർ ഭാ​ഗത്തുള്ള വ്യവസായശാലയാണ് ഇത് ചെയ്തിരിക്കുന്നത്. പുഴയോരത്തുകൂടി പോയാൽ അതിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയും. അത് ഇവിടെ ആരും ചെയ്യുന്നില്ല’, പ്രതിഷേധക്കാരിൽ ഒരാൾ റിപ്പോർട്ടറോട് പറഞ്ഞു.

Related posts

അട്ടപ്പാടി ജനവാസമേഖലയിൽ കാട്ടാന

Aswathi Kottiyoor

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

Aswathi Kottiyoor

‘മര്യാദയെ അതിലംഘിക്കുന്ന പോസ്റ്റുകൾ കണ്ടു; മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന നിർബന്ധമുണ്ട്’; ദീപാ നിശാന്ത്

Aswathi Kottiyoor
WordPress Image Lightbox