പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍. ഗോമതിയില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരില്‍ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലുണ്ടായത്. ഈ സമയം ഇതുവഴി കടന്നുവന്ന ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് സ്ഥലത്ത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ പരിക്കേറ്റയാളെ ബസിലേക്ക് കയറ്റി നേരെ ആശുപത്രിയിലേക്ക് പോവുകായിരുന്നു.
സ്വകാര്യ ബസ് ആശുപത്രിയിലെത്തിയത് കണ്ട് ആദ്യം ആശുപത്രിയിലുണ്ടായിരുന്നവര്‍ ഞെട്ടിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ബസ് ജീവനക്കാരെ അഭിനന്ദിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിച്ചു. ബസ് ആശുപത്രിയിലേക്ക് വിടാൻ യാത്രക്കാരും സഹകരിച്ചു.
അതേസമയം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് സാരമുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗംഗാധരൻ, സതീശൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗംഗാധരൻ ഐസിയുവിലും സതീശൻ വാര്‍ഡിലുമാണ് ചികിത്സയിലുള്ളത്.