26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് 2 പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു
Uncategorized

സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് 2 പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിനവും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കിയില്‍ മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ അടയ്ക്കും.

മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായത്. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാൻ ഇറങ്ങിയതാണ്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ രണ്ട് പേര്‍ നീന്തിക്കയറി. ബിഹാർ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേർക്ക് പരിക്കേറ്റത്. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവർക്കാണ് പരിക്കേറ്റത്. മാരിമുത്തു ജീപ്പ് ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471-2333101 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ശക്തമായ മഴയിൽ മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പൻ പുഴ, ആനക്കാം പൊയിൽ, അരിപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. താമരശ്ശേരി ചുങ്കം ഭാഗത്തും, കാരാടിയിലും ദേശീയ പാതയിൽ വെള്ളം കയറിയിട്ടുണ്ട്.

പീരുമേട്ടിൽ ശക്തമായ മഴയിൽ വീടിൻറെ മുൻവശത്തെ ഭിത്തി ഇടിഞ്ഞു വീണ് ഓട്ടോറിക്ഷ തകർന്നു. മുണ്ടയ്ക്കൽ കോളനിയിൽ താമസിക്കുന്ന രാജുവിൻറ വീടിൻറെ മുൻഭാഗമാണ് തകർന്നത്. സമീപവാസിയായ അരുണിൻറെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഭിത്തി വീണത്. ആർക്കും പരിക്കില്ല.
കോഴിക്കോട് പന്തീരാങ്കാവ് കൊടൽ നടക്കാവിൽ ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായുള്ള സർവീസ് റോഡിൽ വിള്ളൽ വീണു. ശക്തമായ മഴയെ തുടർന്നാണ് 100 മീറ്ററോളം ആഴത്തിൽ വിള്ളൽ വീണത്. മണ്ണിടിയുമെന്ന ആശങ്കയിലാണ് ഇവിടെ നാട്ടുകാര്‍. വിള്ളലിൽ കോൺക്രീറ്റ് നിറച്ച് അടയ്ക്കാനുള്ള കരാറുകാരൻ്റെ ശ്രമം നാട്ടുകാർ തടഞ്ഞു. അതിനിടെ കോഴിക്കോട് പാറോപ്പടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിലിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തൃശൂർ ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

Related posts

ഓണത്തിന് മുത്തച്ഛനെ കാണാനെത്തിയ ‘അക്കു’, ഇരട്ടയാർ ടണലിൽ തെരച്ചിൽ ഊർജ്ജിതം, കരയിൽ പ്രതീക്ഷയോടെ ബന്ധുക്കൾ

Aswathi Kottiyoor

മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

Aswathi Kottiyoor

വിസിൽ ബ്ലോവറെന്ന് എന്‍.പ്രശാന്ത് ഐഎഎസ് , ജയതിലകിനെതിരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം തുടരുമെന്ന് വെല്ലുവിളി

Aswathi Kottiyoor
WordPress Image Lightbox