പത്തനംതിട്ട എടയാറന്മുള ടിടിഎം ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു. സോമനും വധു അമ്പിളിയും പിന്നിലെ കാറിലായിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളും ഉൾപ്പെടെ 12-ൽ അധികം ബന്ധുക്കളെയാണ് അന്ന് സോമന് നഷ്ടമായത്. ദുരന്തസ്ഥലത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രമാണ്.
മധ്യതിരുവിതാംകൂറിനെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ അവഗണിക്കപ്പെട്ടവരും നിരവധിയായിരുന്നു. പ്രായാധിക്യം കൊണ്ട് പലരും പിന്നീട് മരണപ്പെട്ടു. 28 വർഷമാകുന്ന ദുരന്തം പ്രദേശവാസികളിൽ ഇന്നും ഒരു പേടി സ്വപ്നമായി നില നിൽക്കുന്നെങ്കിലും സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കാലങ്ങൾക്ക് മുൻപേ ഇവരെ മറന്നു. ആദ്യകാലമൊക്കെ ചേപ്പാട് ഗ്രാമപഞ്ചായത്ത് മരിച്ചവരുടെ ബന്ധുക്കൾക്ക് 100 രൂപ പെൻഷൻ നൽകിയിരുന്നത് ഇടയ്ക്ക് വെച്ച് നിർത്തി കടുത്ത അവഗണന കാട്ടുകയായിരുന്നു. പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേർന്ന് മെയ് 14ന് ദുരന്ത സ്ഥലത്ത് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ ഓർമ്മയായി. ചേപ്പാട് ദുരന്ത സ്ഥലം ഇന്ന് ശ്മശാനഭൂമി പോലെ കാടുകയറി ഭയാനകമായ നിലയിലാണ്.