കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗി തെരുവിൽ മരിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി ജില്ലാ പഞ്ചായത്ത്. സുരക്ഷാ ജീവനക്കാർക്കും നഴ്സിംഗ് ചുമതലയുള്ളവർക്കും എതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ രോഗി പുറത്തു പോയതിനെ വീഴ്ച വ്യക്തമാക്കിയിട്ടില്ല. പൊലീസിനും സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെയാണ് ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ് അവശനായിരുന്നയാളെ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ ആംബുലൻസിൽ കൊണ്ടുപോയിരുന്നില്ല. ആശുപത്രിയിലേക്ക് തിരികെ കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്നും ആക്ഷേപമുണ്ട്.