കോട്ടയം: ഏക വരുമാന മാർഗമായ ലോട്ടറികൾ മോഷ്ടിച്ചയാളെ രഹസ്യ ക്യാമറയുപയോഗിച്ച് പിടികൂടി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. ഒരു നേരത്തെ അന്നത്തിനായി ലോട്ടറിക്കച്ചവടം നടത്തുന്ന റോസമ്മയെന്ന വീട്ടമ്മയാണ് തന്നെ പറ്റിച്ച് ലോട്ടറി മോഷ്ടിച്ച ആളെ ക്ഷമയോടെ കാത്തിരുന്ന് പിടികൂടിയത്. എന്നാൽ പരാതിയും പരിഭവുമില്ലാതെ റോസമ്മ അയാളോട് ക്ഷമിച്ചു, ഇനിയൊരാളോടും ഇതാവർത്തിക്കരുതെന്നുപദേശിച്ച് അയാളെ യാത്രയാക്കി.
ആദ്യം താൻ മോഷ്ടില്ലെന്ന് പറഞ്ഞ് പിടിക്കപ്പെട്ടയാൾ റോസമ്മയോട് തർക്കിച്ചു, ഇതോടെ തെളിവ് കാണിച്ച് കൊടുത്തു. താൻ നിയമത്തിന് മുന്നിൽ പോകണോ എന്ന് റോസമ്മ ചോദിച്ചു. അപ്പോഴാണ് പിടിക്കപ്പെട്ടെന്ന് മോഷ്ടാവിന് മനസിലായത്. ഒടുവിൽ ഇങ്ങനെ ആരോടും ചെയ്യരുതെന്ന് ഉപദേശിച്ച് മോഷ്ടാവിനെ വെറുതെ വിട്ടെന്ന് റോസമ്മ പറയുന്നു. ക്ഷമയുടേയും സഹിഷ്ണുതയുടേയും പാഠമാണ് ഞാൻ പഠിച്ചത്. ലോകത്തിന് മുന്നിൽ ദരിദ്രയാണെങ്കിലും ദൈവത്തിന് മുന്നിൽ സമ്പന്നയാണ് എന്നൊരു വിശ്വാസം എനിക്കുണ്ടെന്ന് റോസമ്മ പറഞ്ഞു.
കോട്ടയം കളത്തിപ്പടിയിൽ പത്തുവർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മ ജന്മനാ അന്ധയാണ്. അന്ധനായ ഭർത്താവും ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഭർത്താവ് രണ്ടു വർഷം മുമ്പാണ് മരിച്ചത്. ജീവിതത്തിൽ തനിച്ചായതോടെ അകക്കണ്ണിന്‍റെ വെളിച്ചം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനായി റോസമ്മ ലോട്ടറി കച്ചവടം ജീവിതോപാധിയാക്കി. മഴയോ വെയിലോ നോക്കാതെ രാവും പകലും കൂസാതെ തപ്പിത്തടഞ്ഞ് റോസമ്മ ലോട്ടറി വിൽലപ്പനയ്ക്കിറങ്ങി. പക്ഷെ അടുത്തകാലത്തായാണ് റോസമ്മ അക്കാര്യം ശ്രദ്ധിക്കുന്നത്, കണക്കുകൾ ഒത്തുപോകുന്നില്ല. കൈവശമുളള ലോട്ടറികൾ കാണാതാകുന്നു. വരുമാനവും കുറഞ്ഞു.