കാലിഫോർണിയ: ബാറിൽ മദ്യപിക്കാൻ പോയ സമയത്ത് 7 വയസ് പ്രായമുള്ള ചെറുമകളെ നോക്കാനായി വഴിയിൽ കണ്ട സ്ത്രീയ്ക്ക് പണം നൽകിയ മുത്തച്ഛൻ അറസ്റ്റിൽ. തിങ്കളാഴ്ച വൈകുന്നേരം കാലിഫോർണിയയിലാണ് സംഭവം. ബാറിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരാൾ പേരക്കുട്ടിയെ കാണുന്നില്ലെന്ന് പറയുന്നതായി വിശദമാക്കി വഴിയാത്രക്കാരനായ ഒരാളാണ് പൊലീസ് പട്രോൾ സംഘത്തിന്റെ സഹായം തേടിയത്. രാത്രിയോടെ കാലിഫോർണിയയ്ക്ക് സമീപത്തുള്ള സാക്രമെന്റോയിൽ എത്തുന്നത്. പൊലീസ് മുത്തച്ഛനെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയോടുള്ള രക്ഷിതാവിന്റെ അശ്രദ്ധ പുറത്ത് വന്നത്.
54കാരനായ ജേസൺ വാറൻ എന്നയാളാണ് 7 വയസ് പ്രായമുള്ള പേരക്കുട്ടിയെ ബാറിന്റെ പാർക്കിംഗിൽ ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഏൽപ്പിച്ച് മദ്യപിക്കാനായി പോയത്. കുട്ടിയെ നോക്കുന്നതിന് 20 ഡോളറാണ് 54കാരൻ സ്ത്രീയ്ക്ക് നൽകിയത്. പണം വാങ്ങിയ സ്ത്രീ 54കാരൻ ബാറിനകത്തേക്ക് പോയതിന് പിന്നാലെ നടന്നു നീങ്ങുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മദ്യപിച്ച് ഫിറ്റായി ബാറിന്റെ പാർക്കിംഗിലെത്തിയ 54 കാരൻ കുഞ്ഞിനെ കണ്ടെത്താനാകാതെ സമീപത്തുള്ളവരുടെ സഹായം തേടുകയായിരുന്നു.
മദ്യപിച്ച് നില തെറ്റിയ അവസ്ഥയിലായിരുന്നു 54 കാരനുണ്ടായിരുന്നത്. കുഞ്ഞിനേക്കുറിച്ചുള്ള വിവരം വിളിച്ച് പറഞ്ഞും പൊലീസ് നായകളുടേയും ഹെലികോപ്ടറുകളുടേയും സഹായത്തോടെ കാണാതായ 7 വയസുകാരിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. അരമണിക്കൂറോളം സമയം കുഞ്ഞിനായുള്ള തെരച്ചിൽ കഴിഞ്ഞതിന് പിന്നാലെ പൊലീസ് ഹെലികോപ്ടർ കണ്ട് ഭയന്ന സ്ത്രീ കുഞ്ഞുമായി ബാറിന്റെ പാർക്കിംഗിലേക്ക് തിരികെ എത്തുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകാനായി പോയതാണെന്നാണ് ഈ സ്ത്രീ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
കുട്ടിയോട് സംസാരിച്ചതിൽ നിന്നും പരിശോധിച്ചതിൽ നിന്നും കുഞ്ഞിനെ ഉപദ്രവിച്ചതായി കണ്ടെത്താനായില്ല. കുട്ടി ഭയന്ന അവസ്ഥയിലായിരുന്നില്ലെന്നും പൊലീസ് പ്രതികരിക്കുന്നത്. ഇതിന് പിന്നാലെ കുഞ്ഞിന്റെ പൂർണ സംരക്ഷണ ചുമതലയുള്ള ബന്ധുവിനെ പൊലീസ് വിളിച്ചുവരുത്തി കുഞ്ഞിനെ ഇവരുടെ ഒപ്പം വിട്ട ശേഷം 54കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധുവിന് ജോലിക്ക് പോകേണ്ടി വന്നതോടെയാണ് ഏഴ് വയസുകാരിയെ മുത്തച്ഛനൊപ്പം അയച്ചതെന്നാണ് ബന്ധു വിശദമാക്കിയത്.