125ലേറെ തവണ കുത്തേറ്റാണ് കാരൻ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. കേസിൽ ജെയിംസ് ബാർബിയറിനെ പൊലീസിന് സംശയമുണ്ടായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതി ചേർത്തിരുന്നില്ല.
കൃത്യമായ വിരലടയാളം ലഭിക്കാതിരുന്നതാണ് കേസിൽ ജെയിംസ് ബാർബിയറിനെ അറസ്റ്റ് ഇത്ര കാലം നീണ്ടതിന് കാരണമായത്. എന്നാൽ വീടിന്റെ ബേസ്മെന്റിൽ നിന്ന് ലഭിച്ച രക്ത സാംപിളുകളിൽ അടുത്ത കാലത്ത് നടത്തിയ പരിശോധനയാണ് കൊലപാതകി ജെയിംസ് ബാർബിയർ ആണെന്ന് ഉറപ്പിക്കുന്നതിന് പൊലീസിനെ സഹായിച്ചത്. 2022 ഡിസംബറിലാണ് ഈ കേസ് വീണ്ടും അന്വേഷിക്കാനാരംഭിച്ചത്. ഒരു വർഷത്തിലേറെ സമയമെടുത്താണ് അന്വേഷക സംഘം തെളിവുകൾ പരിശോധിച്ചത്. തെളിവുകളുടെ ഒപ്പമുണ്ടായിരുന്ന ബെഡ് ഷീറ്റിൽ 2023 മാർച്ച് മാസത്തിൽ നടന്ന ലാബ് പരിശോധനയാണ് പ്രധാനമായ തെളിവ് പൊലീസിന് നൽകിയത്. ഇതിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളിൽ നിന്നാണ് കൊലപാതകി ജെയിംസ് ബാർബിയറാണെന്ന് പൊലീസ് ഉറപ്പിച്ചത്.
കാരന്റെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്നു ജെയിംസ് ബാർബിയർ. കാരന്റെ ഭർത്താവിനോടുള്ള പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. കാരന്റെ ഭർത്താവായ പോൾ 1989ൽ മരിച്ചിരുന്നു. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ജെയിംസ് ബാർബിയറിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ഇത്രയും കാലം തെളിവുകൾ സൂക്ഷ്മമായി സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറയുകയാണ് കാരന്റെ മകൾ പോള. കേസിന്റെ വിചാരണ മെയ് 21നാണ് ആരംഭിക്കുക.