ഈച്ചശല്യം ഒഴിവാക്കാൻ കഴിയുന്നില്ലെങ്കില്‍ കുര്യച്ചിറയിലെ മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്നും മേയര്‍ രാജിവച്ച് പോകണമെന്നുമാണ് കോൺഗ്രസ് സമരത്തിലൂടെ ആവശ്യപ്പെട്ടത്. അതേസമയം തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് മാലിന്യം ഇരട്ടിയായി വന്ന് കുമിഞ്ഞതോടെ മാലിന്യ സംസ്കാരണ കേന്ദ്രത്തിന് അത് താങ്ങാനാകാത്ത അവസ്ഥയായി, ഇതോടെയാണ് ഈച്ചശല്യം രൂക്ഷമായിരിക്കുന്നത് എന്നാണ് മേയര്‍ എംകെ വര്‍ഗീസ് പറയുന്നത്.
അധികമായി മാലിന്യം സംസ്കരിക്കേണ്ടിവരുമ്പോഴെല്ലാം കുര്യച്ചിറക്കാര്‍ ഈച്ചശല്യത്താല്‍ വലയുന്നത് പതിവാണ്. ഇത്തവണ പൂരത്തിന്‍റെ മാലിന്യമെത്തിച്ചതിന് പിന്നാലെയാണ് ഈച്ച പെരുകിയത്. ഈ പശ്ചാത്തലത്തില്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് വേറിട്ട പ്രതിഷേധവുമായി കുര്യച്ചിറ മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലെത്തിയത്.
മാലിന്യ സംസ്കരണ കേന്ദ്രം കോര്‍പറേഷന്‍ നേരിട്ട് നടത്താന്‍ തുടങ്ങിയത് മുതലാണ് കാര്യങ്ങള്‍ ചീഞ്ഞുനാറി തുടങ്ങിയതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഒരു ടണ്ണിന് താഴെ മാലിന്യമാണ് ഇപ്പോഴിവിടെ സംസ്കരിക്കുന്നത്. പൂരം കഴിഞ്ഞതോടെ ഒരു ടണ്‍ കൂടി അധികമെത്തി. ഇത് നീക്കം ചെയ്യാനെടുത്ത കാലതാമസമാണ് പ്രതിസന്ധിയായതെന്നായിരുന്നു മേയറുടെ വാദം. അടുത്ത പതിനെട്ടിന് പുതിയ മെഷീന്‍ എത്തുന്നതോടെ മാലിന്യ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നും കോര്‍പറേഷന്‍ അറിയിച്ചു.