പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉൾപ്പെടെ നിലവിൽ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉൾപ്പെടുത്തിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള കാരണം. ട്രക്കിങ്ങിന് പോകാത്തവരും പണം അടക്കണം.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളിൽ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. കുറഞ്ഞ കാലത്തിനിടെ ആയിരത്തോളം ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകൾ. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉൾപ്പെടെ 1300 രൂപയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാർ, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് കൊച്ചുപമ്പയിൽ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തും.
കേരളത്തിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ഗവിയിലേക്ക് ട്രിപ്പുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളിൽ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവിയിലേക്കുള്ള യാത്രയിൽ സീതത്തോട് കൊച്ചാണ്ടിയിൽനിന്നാണ് കാഴ്ചകൾ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെൽ ജീവനക്കാർ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റർ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാൽ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകൾ കാണാനാകും. കാട്ടുപോത്തുകൾ, പുള്ളിമാനുകൾ, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.