എല്ലാ വര്‍ഷവും ഏപ്രില്‍ 25നാണ് ലോക മലമ്പനി ദിനമായി ആചരിച്ചു വരുന്നത്. മലമ്പനിയെ നിയന്ത്രിക്കാനും തുടച്ചുനീക്കാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ‘കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശമെന്ന് മന്ത്രി പറഞ്ഞു. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുക് കടിയേല്‍ക്കുന്നത് വഴിയും മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുന്നത് വഴിയും ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില് നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.