സുൽത്താൻ ബത്തേരി: കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 വർഷം കണ്ണൂരിലെ എംഎൽഎയായിരുന്നു. എംഎസ്എഫ് മുതൽ കണ്ണൂരിലുണ്ട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അറിയാം. കുഞ്ഞനന്ദൻ മാത്രമല്ല, സിഎച്ച് അശോകൻ മരിച്ചത് എങ്ങനെയാണെന്നും കെഎം ഷാജി ചോദിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
ശുക്കൂറിൻ്റെ കൊലയാളി ആത്മഹത്യ ചെയ്തതാണോ?മറ്റൊരു കൊലയാളിയുടെ ഭാര്യയുടെ ആത്മഹത്യ -ഇതെല്ലാം ആത്മഹത്യയാണോ? ഫസലിന്റെ കൊലപാതക കേസിലെ മൂന്ന് പ്രതികൾ വഴിയിൽ മരിച്ചു കിടക്കുന്നു, കൊന്നിട്ടതാണ്. മൻസൂറിനെ കൊന്നയാൾ മൂന്നുമാസം മുമ്പ് വളയത്ത് പോയി ആത്മഹത്യ ചെയ്തു- ഇതെല്ലാം ആത്മഹത്യയാണോ? അന്വേഷിക്കേണ്ടേയെന്നും കെഎം ഷാജി ചോദിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കെ.എം.ഷാജി വെല്ലുവിളിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസടുത്താൽ കണ്ണൂരിൽ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.