കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാള്‍ പിടിയില്‍. നജുമുദ്ദീന്‍ (30) എന്ന പിലാപ്പിയെ ഗൂഡല്ലൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് സൈനബ എന്ന വീട്ടമ്മയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു. പിന്നീട് മൃതദേഹം തമിഴ്‌നാട്ടിലെ നാടുകാണി ചുരം ഭാഗത്ത് ഉപേക്ഷിച്ച് ഗൂഡല്ലൂരിലേക്ക് കടന്നുകളഞ്ഞു. ഈ സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ച കുറ്റത്തില്‍ നജുമുദ്ദീനെ അഞ്ചാം പ്രതിയാക്കിയിരുന്നു. കൊലപാതകം നടത്തിയ ഒന്നും രണ്ടും പ്രതികളെയും ഇവരെ സ്വര്‍ണ വില്‍പനക്ക് സഹായിച്ച മറ്റ് രണ്ട് പ്രതികളെയും ഗൂഡല്ലൂരില്‍ നിന്നും സേലത്തു നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്.