കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നു. ഒരു സംസ്ഥാനത്ത് വികസനം വരാന്‍ ക്രമസമാധാനം നന്നാവണം. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും സ്വഭാവം അവര്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ നിന്ന് പുറത്ത് പോയാല്‍ പിന്നെ തിരികെ വരില്ല എന്നതാണ്. കേരളത്തില്‍ നിന്നും അവരെ പുറത്താക്കണം. കാലഘട്ടത്തിനനുസരിച്ച് മുന്നോട്ട് വരാത്ത സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു നൂറ്റാണ്ട് പിറകിലാണ്. കമ്മ്യൂണിസം കാലഹരണപ്പെട്ട ആശയമാണ്. എവിടെയാണോ ആരംഭിച്ചത് അവിടെ കമ്മ്യൂണിസമില്ല. ഇടത് മുഖമുദ്ര സ്വര്‍ണ്ണക്കടത്താണെങ്കില്‍ കോണ്‍ഗ്രസ്സിന്റെത് അഴിമതിയാണ്. കേരളത്തെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ബിജെപി വരണം. കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും വിശ്വസിക്കരുത്. കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ കേരളത്തിന് പുറത്ത് ഒന്നിച്ച് നില്‍ക്കുന്നു.
കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിക്കുമ്പോള്‍ ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. നേരത്തെ 100 പൈസ ഒരു പദ്ധതിയില്‍ ദല്‍ഹിയില്‍ നിന്നയച്ചാല്‍ 14 പൈസമാത്രമാണ് ഗുണഭോക്താവിന് ലഭിച്ചത്. 86 പൈസ അഴിമിതിയിലൂടെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് പരിഹാരംകണ്ടു. 100 പൈസ അയച്ചാല്‍ അത് മുഴുവനായും ഗുണഭോക്താവിന് ലഭിക്കും. നേരത്തെ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്ത രാജ്യം ഇന്ന് കയറ്റുമതി ചെയ്യുന്നു. ലോകത്തെ ഡിജിറ്റല്‍ പണമിടപാടില്‍ 46 ശതമാനം ഭാരതത്തിലാണ്. ഒരു മാസം 26 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാട് നടക്കുന്നു. 1951 നെഹ്‌റു സര്‍ക്കാര്‍ പറഞ്ഞു ദാരിദ്ര്യമില്ലാതാക്കുമെന്ന്. രാജീവ് ഗാന്ധിയും ഇത് തന്നെ പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാരാണ് ഇതിന് പരിഹാരം കണ്ടത്.
അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ ഏതെങ്കിലും ഒരു നേതാവിന് അവരുടെ പരമോന്നത ബഹുമതികള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് മോദിക്കാണ്. നമ്മുടെ അതിര്‍ത്തികള്‍ ഇന്ന് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അന്താരാഷ്ട്ര വേദികള്‍ ഭാരതത്തെ ശക്തമായ രാജ്യമായാണ് കാണുന്നത്. നാം ഒരു രാജ്യത്തെയും ഭയപ്പെടുത്തുന്നില്ല. എന്നാല്‍ നമുക്ക് നേരെവന്നാല്‍ വെറുതെയിരിക്കില്ല. രാജ്യരക്ഷാ ഉപകരണങ്ങള്‍ നാം ഇന്ന് ഇറക്കുമതി ചെയ്യുന്നില്ല. നേരത്തെ ഇതായിരുന്നു സ്ഥിതി. ഇന്ന് 21,000 കോടി രൂപയുടെ ഉപകരണങ്ങളാണ് കയറ്റിയയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.