രാവിലെ 11.58 മുതൽ 12.03 വരെയായിരുന്നു സൂര്യതിലക് ചടങ്ങ്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ പൂർത്തിയായ ശേഷമുള്ള ആദ്യ രാമ നവമി ദിനത്തിൽ സൂര്യ രശ്മിയിൽ തിളങ്ങി രാം ലല്ല. രാമക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലാണ് പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നത്. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. രാവിലെ 11.58 മുതൽ 12.03 വരെയായിരുന്നു സൂര്യതിലക് ചടങ്ങ്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.
വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് രാമനവമി ആഘോഷങ്ങൾക്കായി സംസ്ഥാനം നടത്തിയത്. 100ഓളം എൽഇഡി സ്ക്രീനുകളിലൂടെയാണ് ചടങ്ങ് വിശ്വാസികൾക്ക് ക്ഷേത്രത്തിൽ ദൃശ്യമായത്. ഐഐടി സംഘമാണ് ഇതിനായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ചെയ്തത്. ഇതിന്റെ വിജയകരമായ രണ്ട് പരീക്ഷണങ്ങളും ഇതിന് മുൻപ് നടന്നിരുന്നു. ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികൾ പ്രതിഷ്ഠയുടെ നെറ്റിയിൽ പതിപ്പിച്ചത്. 30 ലക്ഷം വരെ തീർത്ഥാടകർ ഇന്ന് അയോധ്യ രാമ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ രാമനവമിയുടെ ആശംസകൾ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. ശ്രീരാമന്റെ അനുഗ്രഹം ഏറെയെത്തുന്ന വർഷമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളേപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ സാധിച്ചു. അന്നത്തെ ദൃശ്യങ്ങൾ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി.