താൻ ബാബാ രാംദേവ് ആണെന്നും താൻ പതഞ്ജലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും രാംദേവ് കോടതിയിൽ പറഞ്ഞു. താനോ തൻ്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനമോ ഒരു രീതിയിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ എന്തെങ്കിലും തെറ്റ് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു.
രാംദേവ് നൽകിയിട്ടുള്ള സംഭാവനകളെ പറ്റി കോടതിക്ക് അറിയാം. അക്കാര്യങ്ങൾ എല്ലാം അഭിഭാഷകൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ അത് മുൻനിർത്തി മറ്റ് തെറ്റുകൾ കണ്ടില്ലെന്ന് നടിച്ച് മാപ്പാക്കാൻ കോടതിക്ക് ആവുമോ എന്ന് ജസ്റ്റിസ് ഹിമ കോഹ്ലി മറുപടിയായി ചോദിച്ചു. മാത്രമല്ല നിങ്ങൾ ചെയ്തത് തെറ്റാണെന്നും അതിൻമേൽ വളരെ കൃത്യമായ മറുപടിയാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ ഇതിനെ ന്യായീകരിച്ചുള്ള മറുപടിയല്ല വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. തനിക്കും തൻ്റെ സ്ഥാപനത്തിനും തെറ്റ് പറ്റി. പക്ഷേ കോടതിയെ ധിക്കരിക്കാൻ ഒട്ടും ഉദേശിച്ചിട്ടില്ല എന്നും രാംദേശ് കോടിതിയിൽ ബോധിപ്പിച്ചു. തെറ്റ് സംഭവിച്ചത് കൊണ്ട് മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മാപ്പ് ചോദിക്കുന്നതിനോടൊപ്പം പതഞ്ജലി ഉത്പന്നങ്ങളെ ന്യായീകരിച്ചതിന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയോട് വളരെ ശക്തമായിട്ടാണ് കോടതി പ്രതികരിച്ചത്. വീണ്ടും തെറ്റിനെ ന്യായീകരിക്കാനാണ് തീരുമാനമെങ്കിൽ ജയിലിൽ അടക്കേണ്ടി വരുമെന്ന് കോടതി താക്കീത് ചെയ്തു. സോളിസിറ്റർ ജനറൽ ഹാജരാകാനായി കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയത് കോടതിയലക്ഷ്യമാണ് എന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.