എല്ലാ വര്‍ഷവും ഏപ്രില്‍ 17നാണ് ലോക ഹീമോഫീലിയ ദിനം ആചരിക്കുന്നത്. എല്ലാവര്‍ക്കും തുല്യമായ പരിചരണം: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ഹീമോഫീലിയ ചികിത്സാ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തി വരുന്നത്. ഹീമോഫീലിയ പോലുള്ള രക്തകോശ രോഗങ്ങളെ കൃത്യമായ മാര്‍ഗരേഖകള്‍ക്ക് അനുസരിച്ച് ആശാധാര പദ്ധതി വഴി ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പുവരുത്തി. 96 കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാകുന്ന ബൃഹത് പദ്ധതിയാണ് ആശാധാര. രക്തവും രക്തഘടകങ്ങളും ഉപയോഗിച്ച് കൊണ്ട് ഹീമോഫീലിയക്ക് ചികിത്സ നല്‍കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ഫാക്ടര്‍ റീപ്ലേസ്‌മെന്റ് ചികിത്സയിലേക്കും ഏറ്റവും ആധുനികമായ നോണ്‍ ഫാക്ടര്‍ ചികിത്സയിലേക്കും വ്യാപിപ്പിച്ചു.
ഹീമോഫീലിയയില്‍ രണ്ടു തരത്തിലുള്ള ചികിത്സയാണ് നല്‍കുന്നത്. 18 വയസിന് താഴെയുള്ളവക്ക് പ്രതിരോധമായി നല്‍കുന്ന ഫാക്ടര്‍ പ്രൊഫൈലക്‌സിസ് ചികിത്സയും 18 വയസിന് മുകളിലുള്ളവര്‍ക്ക് രക്തസ്രാവത്തോടനുബന്ധിച്ച് നല്‍കുന്ന ഓണ്‍ ഡിമാന്‍ഡ് ചികിത്സാ രീതിയും. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രൊഫൈലക്‌സിസ് ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവുമധികം വികേന്ദ്രീകൃത കേന്ദ്രങ്ങളുള്ളതും കേരളത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 100 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. വേള്‍ഡ് ഹീമോഫീലിയ ഫെഡറേഷന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ മാര്‍ഗരേഖകളാണ് പദ്ധതിക്കുള്ളത്. രക്തഘടകങ്ങള്‍ക്കെതിരായി പ്രതിപ്രവര്‍ത്തനം നടത്തുന്ന ഇന്‍ഹിബിറ്ററുള്ളവള്‍ക്ക് ഫീബ (FEIBA) പോലുള്ള ബൈപാസിംഗ് ചികിത്സകളും നല്‍കി വരുന്നു. ഇത് കൂടാതെ ഇന്‍ഹിബിറ്ററുള്ള മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും നിലവില്‍ എമിസിസുമബ് പ്രൊഫൈലക്‌സിസ് ചികില്‍സയും ആശാധാര പദ്ധതി ഉറപ്പുവരുത്തുന്നു.
5 വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും എമിസിസുമബ് ചികിത്സ ഉറപ്പാക്കി. കുഞ്ഞുങ്ങളില്‍ ബ്ലീഡിങ് നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതും അതിലൂടെ വൈകല്യങ്ങള്‍ കുറയ്ക്കാനായതും നേട്ടങ്ങളാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ജിയോ മാപ്പിംഗ് അടിസ്ഥാനമാക്കി ഗൃഹാധിഷ്ഠിത ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.