പാലക്കാട്: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുവന്ന ആറ് ലക്ഷം രൂപ ചെക് പോസ്റ്റിൽ വെച്ച് പിടിച്ചെടുത്തു. പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ള എസ് എസ് ടി(സ്റ്റാറ്റിക്ക് സർവൈലൻസ് ടീം) സ്ക്വാഡുകളുടെയും പോലീസ്സ് സ്ക്വാഡുകളുടെയും സംയുക്ത പരിശോധനയിൽ വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്നാണ് പണം പിടികൂടിയത്.
തമിഴ്നാട് ചാവടിയിൽ നിന്നും സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന ആറ് ലക്ഷം രൂപ കണ്ടെത്തി പിടിച്ചെടുക്കുകയായിരുന്നു. തുടർ നടപടികൾക്കായി ഈ പണം കൊഴിഞ്ഞാമ്പാറ പോലീസിന് കൈമാറിയതായി വേലത്താവളം ചെക്ക് പോസ്റ്റ് എസ്.എസ്.ടി സ്‌ക്വാഡിന്റെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ചിറ്റൂർ ഭൂരേഖ തഹസിൽദാരുമായ ശരവണൻ അറിയിച്ചു. മതിയായ രേഖകൾ ഇല്ലാതെ നിയമാനുസൃതം കയ്യിൽ വെക്കാവുന്നതിൽ കൂടുതൽ തുക കൈവശം വെച്ച സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമായതിനാൽ പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്.
50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.