ന്യൂഡൽഹി: പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 15 വയസുകാരി, അയൽവാസിയായ സ്ത്രീയെ കുത്തിക്കൊന്നു. പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ് മരിച്ചത്. പെൺകുട്ടിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഫർഷ് ബസാർ ഏരിയയിലാണ് സംഭവം.
രാത്രി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയത്. 34കാരിയായ സോണി എന്ന യുവതി അപ്പോൾ ഗുരുതര മുറിവുകളോടെ വീട്ടിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോണിയും ഭർത്താവ് സത്ബിർ സിങും അയൽവാസികളുമായി തർക്കമുണ്ടാക്കിയെന്ന് പൊലീസിന് മനസിലായത്.
പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലി വൈകുന്നേരം 7.30ഓടെ സോണിയും അയൽവാസിയായ ഒരു സ്ത്രീയും അവളുടെ മകളുമായി തർക്കമുണ്ടായി. ഇതിനിടെ സോണി ഈ പെൺകുട്ടിയുടെ കൈ പിടിച്ചുതിരിച്ചു. കുട്ടി പിന്നീട് ആശുപത്രിയിൽ പോയി ചികിത്സ തേടുകയും എക്സ്റേ എടുക്കുകയും ചെയ്തു. എങ്ങനെയാണ് കൈക്ക് പരിക്കേറ്റതെന്ന് കുട്ടി ആശുപത്രിയിൽ വെളിപ്പെടുത്തിയില്ല.
ഇവർ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് പിന്നീട് സോണിയും ഭർത്താവുമായി ഇരുവരും വീണ്ടും തർക്കം തുടങ്ങിയത്. ഇതിനൊടുവിൽ പെൺകുട്ടി കത്തിയെടുത്ത് സോണിയെ കുത്തുകയായിരുന്നു. കേസ് അന്വേഷണത്തിനൊടുവിൽ കുട്ടിയെ പിന്നീട് അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.