പത്തനംതിട്ട: യാതൊരു സൗകര്യങ്ങളുമില്ലാതെ പത്തനംതിട്ട നഗരത്തിൽ വാടക കെട്ടിടത്തിലാണ് പുതുതായി തുടങ്ങിയ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നത്. മതിയായ അധ്യാപകരോ ലാബോ ഒരു കോളേജ് ബസോ പോലും ഇല്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്ന് പിടിഎ പ്രസിഡന്റ് പറയുന്നു. നഴ്സിംഗ് കൗൺസിൽ പരിശോധന സമയത്ത് പുറത്ത് അധ്യാപകരെ എത്തിച്ച്, പരിശോധന തന്നെ അട്ടിമറിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നവകേരള സദസിൽ തൃശൂർ മുതലിങ്ങോട്ട് 25 രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിരുന്നു. കുട്ടികൾ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രിൻസിപ്പൽ ഇന്റേണൽ മാർക്കുൾപെടെ കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പിടിഎ പ്രസിഡന്റ് തന്നെ തുറന്ന് പറയുന്നു.
വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രിൻസിപ്പൽ ഗീതാകുമാരി തയ്യാറായില്ല. കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തങ്ങളെ ബാധിക്കുമെന്നാണ് ഭയന്നാണ് പ്രിൻസിപ്പലിന്റെ ഒഴിഞ്ഞുമാറൽ. കേരള നഴ്സിംഗ് കൗൺസിൽ പരിശോധനയിലും കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ ഇൻസ്പെക്ഷനിലും ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നാണ് കണ്ടെത്തൽ. രക്ഷിതാക്കൾ ഉന്നയിക്കുന്ന പരാതികളെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടപ്പോൾ പുതിയ കെട്ടടവും ബസും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പാട് ചെയ്യുമെന്നായിരുന്നു മറുപടി. ഇതേ മറുപടിയാണ് കഴിഞ്ഞ അഞ്ച് മാസമായി 60 കുട്ടികളുടെ രക്ഷിതാക്കളും കേൾക്കുന്നത്.