20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • തൃശൂര്‍ പൂരാവേശത്തിലേക്ക്: കൊടിയേറ്റം ശനിയാഴ്ച, പ്രധാന ചടങ്ങുകളും തീയതികളും അറിയാം
Uncategorized

തൃശൂര്‍ പൂരാവേശത്തിലേക്ക്: കൊടിയേറ്റം ശനിയാഴ്ച, പ്രധാന ചടങ്ങുകളും തീയതികളും അറിയാം

തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം. പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് തുടങ്ങി ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങള്‍ക്ക് മേലെ പൂരത്തിന്റെ കൊടിക്കൂറകള്‍ ആകാശത്തു പാറും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും.

അയ്യന്തോളില്‍ 11നും 11.15നും ഇടയിലും തിരുവമ്പാടിയില്‍ 11.30നും 11.45നും ഇടയിലും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12നും 12.15നും ഇടയിലും കൊടിയേറ്റം നടക്കും. ചെമ്പൂക്കാവിലും കണിമംഗലം ശാസ്താ ക്ഷേത്രത്തിലും വൈകീട്ട് ആറിനും 6.15നും ഇടയിലും പനമുക്കുംപിള്ളിയിലും പൂക്കാട്ടിക്കരയിലും 6.15നും 6.30നും ചൂരക്കാട്ട്കാവില്‍ 6.45നും ഏഴിനും ഇടയിലാണ് കൊടിയേറ്റം. നെയ്തലക്കാവില്‍ എട്ടിനും 8.15നും ഇടയിലുമാണ് കൊടിയേറ്റം നടക്കുക.

17ന് വൈകീട്ട് ഏഴിനാണ് പൂരാവേശത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക് കണ്‍തുറക്കുന്ന സാമ്പിള്‍ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേ ഗോപുരവാതില്‍ തുറക്കും. അന്നുതന്നെ രാവിലെ 10ന് ആനച്ചമയപ്രദര്‍ശനവും നടക്കും. 19ന് രാവിലെ ആറോടെ ചെറുപൂരങ്ങള്‍ ശക്തന്റെ തട്ടകത്തിലേക്ക് പ്രയാണം തുടങ്ങും. രാവിലെ 11ന് മീനച്ചൂടിനെ മറികടക്കുന്ന മഠത്തില്‍വരവ്.

താളനാദ വിസ്മയങ്ങളുടെ പുതിയൊരു തലം സൃഷ്ടിക്കുന്ന മഠത്തില്‍ വരവിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടി ഇലഞ്ഞിത്തറയില്‍ മേളമുയരും. പിന്നെ തെക്കോട്ടിറക്കം. ഗജവീരന്മാരുടെ മുഖാമുഖം. വൈകിട്ട് ആറിന് മത്സരത്തിന്റെ തീഷ്ണതയില്‍ കുടമാറ്റം. 20ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. രഹസ്യങ്ങളുടെ ചുരുളഴിച്ച് വര്‍ണമഴ. പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടിനും പൂരത്തിനും കാഴ്ചക്കാരാവാന്‍ പതിനായിരങ്ങള്‍ പൂരനഗരിയില്‍ നിറയും. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ അടുത്തവര്‍ഷം കാണാമെന്നു ഉപചാരം ചൊല്ലിപ്പിരിയും.

പൂരം കൂടാന്‍ ഇത്തവണയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും. പൂരദിവസം നെയ്തലക്കാവിലെമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങുക. 11ന് മുമ്പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. ഇത്തവണ രാജന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പകരം ആരെന്ന് അടുത്ത ദിവസങ്ങളില്‍ മാത്രമേ തീരുമാനമാകൂ.

Related posts

വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു

Aswathi Kottiyoor

കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്

Aswathi Kottiyoor

ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്‌സിംഗ് സീറ്റുകൾ, കേരളത്തിൽ നഴ്സിംഗ് രംഗത്ത് വൻ മുന്നേറ്റം; ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox