ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ വെള്ളിയാഴ്ച മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വിഎം ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്‌ളാഗ് ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം വെള്ളിയാഴ്ച നാല് മണിക്ക് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും. ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം നടക്കുന്നത്. പ്രശസ്ത ഫുട്ബോള്‍ കളിക്കാരന്‍ ഐഎം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.