മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാൾ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവർ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും.
ആൻഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കൽപ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്. മരിച്ചവരുടെ ലാപ്‌ടോപ്പും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനു മുൻപ് ഇവർ ഓൺലൈൻ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.