ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ കടുവകൾ ആഴ്ചയിൽ ആറു ദിവസവും മൃഷ്ടാന്നഭോജനം നടത്തും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണിയും കിടക്കും. കടുവകളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ജീവിതരീതി ഇവിടെ പിന്തുടരുന്നത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, നേപ്പാളിലെ സെൻട്രൽ മൃഗശാലയിലാണത്രെ ഈ രീതി പാലിക്കുന്നത്.
വർഷങ്ങളായി ഈ രീതി പിന്തുടർന്ന് വരുന്നതിനാൽ തന്നെ ഇവിടുത്തെ കടുവകൾ യാതൊരു മടിയും കൂടാതെ ഒരു ദിവസം മുഴുവൻ ഭക്ഷണം ഒന്നും കഴിക്കാതെ ചെലവഴിക്കുമത്രേ. മൃഗശാലയുടെ ഇൻഫർമേഷൻ ഓഫീസർ ഗണേഷ് കൊയ്രാള പറയുന്നത് അനുസരിച്ച് ഈ മാംസഭോജികളായ മൃഗങ്ങൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നത്. ശനിയാഴ്ചയാണ് മൃഗശാലയിലെ കടുവകളുടെ ഈ ഉപവാസ ദിനം. കടുവകളുടെ ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.
സാധാരണയായി പെൺകടുവയ്ക്ക് 5 കിലോ പോത്തിറച്ചിയും ആൺ കടുവയ്ക്ക് 6 കിലോ പോത്തിറച്ചിയുമാണ് ദിവസവും നൽകാറുള്ളത്. തുടർന്ന് ഒരു ദിവസം മുഴുവൻ പട്ടിണി കിടക്കുന്നു. ഇത് അവരുടെ ദഹനവ്യവസ്ഥ ശക്തമാക്കുമെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, കടുവകൾ തടിച്ചാൽ, അവയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങും. വയറിനടിയിൽ കൊഴുപ്പിൻ്റെ ഒരു പാളി അടിഞ്ഞുകൂടാൻ തുടങ്ങുകയും ഇത് ഓടുമ്പോൾ അവ തളർന്നു പോകാൻ കാരണമാവുകയും ചെയ്യും.
ജവാലഖേലിൽ സ്ഥിതി ചെയ്യുന്ന 6 ഹെക്ടർ (15 ഏക്കർ) മൃഗശാലയാണ് നേപ്പാളിലെ സെൻട്രൽ മൃഗശാല. ഇവിടെ 109 ഇനങ്ങളിലായി 969 മൃഗങ്ങളുണ്ട്. 1956 -ൽ, ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അതിനു മുൻപ് വരെ ഇതൊരു സ്വകാര്യ മൃഗശാല ആയിരുന്നു.