തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃശൂര്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി നേതാക്കളുടെ ബിജെപി ചേക്കേറല്‍. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മനു, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാധാകൃഷ്ണന്‍, എ.ആര്‍. മനോജ്, രാധാകൃഷ്ണന്‍ കൊട്ടിലിങ്ങല്‍ തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പത്മജ വേണുഗോപാല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് തുടങ്ങിയവര്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. പാലക്കാട്, തൃശൂര്‍ മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം മുഖ്യ സംയോജകന്‍ വി. ഉണ്ണികൃഷ്ണന്‍, രഘുനാഥ് സി. മേനോന്‍, മാള മോഹനന്‍, വിപിന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ഇനിയും നിരവധി പ്രവര്‍ത്തകരും നേതാക്കളും ബി.ജെ.പിയില്‍ ചേരുമെന്ന് പത്മജയും അനീഷ് കുമാറും പറഞ്ഞു.
അതേസമയം, മുരളീ മന്ദിരത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പത്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി രംഗത്തെത്തി. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. ഇന്നത്തേത് ചീപ്പ് പ്രവൃത്തിയാണ്. തന്നെ ആരും ഉപദേശിക്കാന്‍ വരണ്ട. ഏപ്രില്‍ 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് അറിയാം. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റി. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. ഈ വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു. അമ്മയുടെ ഓര്‍മ്മദിനത്തിലാണ് പ്രതിജ്ഞ. ബിജെപിയില്‍ പോയത് പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരാണെന്നും മുരളീധരന്‍ പറഞ്ഞു.